Tuesday, February 22, 2011

കൈരളി

മേടുകളും താഴ്വരയും
താഴമ്പൂവിതളും
തണ്ണീരില്‍ താനേ വിരിയും
താമര മലരുകളും
പൊന്‍ പുലരിയില്‍ തേടുവതാരെ,
തെക്കന്‍ കുളിരിനേയോ?
കിനാവ്‌ കണ്ടിന്നു നിദ്രയിലാഴ്ന്ന-
തങ്കനിലാവിനെയോ?

വായ്പ്പാട്ടില്‍ ഘോഷിതരായ്
കുഞ്ഞാറ്റകിളികള്‍,
വിളിപ്പാടകലെ വളപ്പൊട്ടുമായി
കന്നിവെയില്‍ കൊടിയും
നീരൊഴുകും നിളയുടെ മീതെ
നീല ശലഭങ്ങളും
നമ്ര ശിരസ്കരായിന്നു നാണിച്ച്,
നീങ്ങി നില്‍പ്പതെന്തേ?

പച്ചപ്പു മാറാത്ത പാടങ്ങളും
താരിളം തെന്നലും
താനേ കുയില്‍ പാടുമിവിടം
ഇമ്പ രാഗോത്സവം
ജലതരംഗമിന്നു പക്കമേളം
നിത്യാരവമേളം
കാറ്റില്‍ മുളങ്കാടുകള്‍ ഉണരും
മുരളീതന്‍ ഗീതം!

കാവുകളും കാനനവും, അതിലെ
കല്പ്പവൃക്ഷങ്ങളും
കഥയും കളിയുമായുണരും
നാട്ടരങ്ങുകളും
ഉയര്‍ത്തും ഇന്നുമാ യശസ്സ്
കേളിക്കൊട്ടിടുന്നൂ,
ആരോ പണ്ട് പറഞ്ഞപ്പോലെ
കേരളം, എത്ര സുന്ദരം!

Wednesday, February 16, 2011

പരമസത്യം

"ദൈവം സര്‍വ്വശക്തനാണ്‌"
ഓര്‍ക്കുന്നു ഞാനിത് ആരോ പണ്ടോതിയ പരമസത്യം.
"വഞ്ചിയിലിട്ടോളൂ പത്തിന്റെ രണ്ട്"
പരമസത്യം പറഞ്ഞവനിത് പറഞ്ഞില്ല,
പറയാന്‍ മറന്നതാകും പാവമാ പാമരന്‍.

"പോകുന്ന വഴിയില്‍ പുണ്യമേകാന്‍
പറയേണ്ടതെല്ലാം ഞാന്‍ ചെവിയിലോതാം,
ചൊല്ലാനിന്നു വേണം അഞ്ചിന്റെ മൂന്ന്"
പറയാന്‍ നിന്നില്ല, മുമ്പില്‍ നീട്ടി നിന്നു
വാങ്ങിയതും പിന്നെ "പോട്ടെ പോട്ടേ"

പിന്നിലെ തള്ളിനാല്‍ പകുതി കണ്ടൊടുവില്‍
പറഞ്ഞറിഞ്ഞ ആ പരം പൊരുളെ.
വലം വെച്ച് തുടങ്ങി, ദാ വഴിയിലൊരുവന്‍.!
വാല്‍കഷ്ണം പൂവില വെച്ച് തന്നു.
പല്ലിളിച്ചു...! അവനും വേണം രണ്ടോ മൂന്നോ!

പേരിനിത് കൃത്യം, നടപ്പിത് നിത്യം,
പാരില്‍ നടക്കുന്ന ഇതും പരമസത്യം!

Tuesday, February 1, 2011

കണ്ണുനീര്‍

കാലം, എന്റെ കണ്ണുകള്‍ക്കിതു മഴക്കാലം.
അതിലൊഴുകും കോലം,
കാര്യമറിയാതെയൊഴുകും ജീവിതമൊരു കോലം.

വിധിപ്പാഠങ്ങളിവിടെ മറിച്ചിടാതെ സ്വാഗതം.
എന്നുമിങ്ങു കളകളം,
കേട്ടിടാതെ പോകുമെന്‍ നീരിന്റെ സ്പന്ദനം...

കണ്ണുനീരിലെന്തുണ്ട്? വെറുമുപ്പുരസം.
ഉരസലുമൊച്ചയുമൂതി,
വീര്‍പ്പിച്ചോഴുക്കിയ തീര്‍ത്ഥരസം.

മൂടിയൊഴുകുന്നീ കണ്ണീരിനെ ചൊല്ലി,
ഇനിയെന്തിനാലോചന?
കത്തിയിട്ടു മുറിച്ചിടാനതില്‍ കിനാവുകളില്ല.

കാര്യം കഴിഞ്ഞു, കാരണമാരോ പറഞ്ഞു.
എനിയ്ക്കായി ഞാനും
എന്റെ പുരയ്ക്കായി ഇരു തൂണും ശിഷ്ടം.

ഇടറുന്ന നാദമടക്കി ഞാന്‍ യാത്രയാകാം,
അല്ലെങ്കിലും നേരുപറഞ്ഞാല്‍
"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?"