പൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കുണ്ട്
ഏതോ സ്വരം,
പാറകള്‍ തന്‍ നെഞ്ചിലുമുണ്ടൊരു
നീര്‍ക്കണം.
അര്‍ക്കന്റെ രശ്മികള്‍ ആടിയുല്ലസിച്ചു
അന്തര ചിത്രം
ഒഴുകുന്ന പാല്‍പ്പുഴകള്‍ക്കുമുണ്ട്
ബഹുവേഷം!
പ്രകൃതി മനോഹരിയെ പാടിയുറക്കാന്‍
പറവകളായിരം
കന്യാവസന്തം, കൌതുകം കണ്ടു മൊട്ടുക്കള്‍
പാതി വിരിഞ്ഞു നിന്നു.
പൂമര ചില്ലയില്‍ അണ്ണാറകണ്ണനും, വടക്കോട്ട്
വീശി വഴികാട്ടിടുന്നൂ,
വിണ്ണിന്‍ മുകള്‍തട്ടില്‍ വിരിഞ്ഞു നിന്നവന്‍
എങ്ങോ ധൃതിപെട്ടു നീങ്ങിടുന്നു!
കുടചൂടി നില്‍കുന്ന കൂറ്റന്റെ ഇടയില്‍
വട്ടയും മരോട്ടിയും,
ചെത്തിയും ചോലയില്‍ ചെന്താമരയും
ചേലുള്ളതാക്കി നിറഞ്ഞുനിന്നു.
പിന്നെയുമുണ്ട് കരിമരുതും ഇരുള്‍ മരവും
ചീനിയും മഞ്ഞളി പൂഖവും
ചാഞ്ഞുനിന്നു വീശുന്ന അരയാലുമെത്ര
ആരവമിങ്ങു മുഴക്കിടുന്നൂ!
നിജനമായ ഈ വഴികളിലെങ്ങും കാടിന്‍
സ്വജനങ്ങളേറെയും
സ്വതന്ത്രരായി വാഴ്ന്നു വളര്‍ന്നിടുന്നു.
പടര്‍ന്നു പന്തലിച്ച
പാഴ്വള്ളികളൊക്കെയും പാറകള്‍ക്ക്
പച്ചപ്പ് പാകിടുന്നൂ.
കമനീയചിത്രമിത്, പാരില്‍ സ്വര്‍ഗമെന്ന
ഗീതമുച്ചത്തില്‍ പാടിടുന്നൂ!
ഇത് കണ്ടിട്ടും കേട്ടിട്ടും, പോയ്‌വരാന്‍
പറഞ്ഞാലും
മനം കൂട്ടാതെ വീണ്ടുമവിടെ പരതി നിന്നു.
മനസ്സിന്‍ മറുവശം ചോലതന്‍ സംഗീതം
ശ്രുതി മീട്ടി,
ശിരോനാഡികളിലൊക്കെയും ഇന്നൊഴുകുന്നതോ,
ആ ആരണ്യ ഭൂമിതന്‍ ആത്മസ്വരം!