Monday, August 30, 2010

ഉണര്‍ത്തുപാട്ട്

കൂടെയരുകില്‍ കാലമെത്രെ
കാത്തുനിന്നീടുമെന്നതുപോലും
കേട്ടുകേള്‍വിയില്ലാത്തവര്‍ തന്‍
കര്‍മഫലക്കൊണ്ട് പാപികളായ്!

ചരിത്രമറിയാ ചാഞ്ചാട്ടമിന്നു
വിമര്‍ശം അമര്‍ഷമാക്കിയൊടുവില്‍
ഞാനോ-അവനോയെന്നതിന്‍ ആശയം
തീവ്രമായി ആരാഞ്ഞുപോയി!

നാളേക്ക് നീക്കിവെച്ച നിലപാടുകള്‍
പലതും നെറികേടുകള്‍
നേട്ടങ്ങളും നല്‍വചനങ്ങളും
എന്നും മങ്ങിയ വഴിത്താരകള്‍...

കണ്ണാടിനോക്കി കളിപറഞ്ഞത്‌
വെറുതെയെന്നു കരുതാതെ പോയതോ
കോട്ടുവായിട്ടവന്റെ കൊങ്ങയ്ക്ക്
കുത്തി കൊല്ലാന്‍ കൂട്ടുനിന്നത്...

നാടറിയാന്‍ നഗരമധ്യേയെന്നുമിതു
നെഞ്ചിലേറ്റി നടത്തുന്നീ നല്ല
"നിറവാര്‍ന്ന നിമിഷങ്ങള്‍"
നിണമോഴുകിവരും നീര്‍കണങ്ങള്‍!

സ്നേഹ മണിദീപമൊന്നു
നാളേക്ക് കാത്തുവെച്ചിടാന്‍,
കൂടെ ഉയരാന്‍, ഉണര്‍വേകാന്‍
ഉണര്‍ത്തുപാട്ടായി ഞാനിതു പാടി...

അണയാതിരിക്കട്ടെയെന്നുമിതിന്‍
ആശയവും ആവശ്യവും...
അറിയാതെ അകത്തീടാം നാം
അമര്‍ഷവും ആത്മപീഡനവും....

Friday, August 27, 2010

പ്രതീക്ഷ

നഷ്ടപ്പെട്ട ചിന്ത തന്നേതോ സ്മാരക മി -
ന്നുയര്‍ന്നു പോകുന്നു കരിനിഴല്‍ പാകിടാന്‍ ...
കാറ്റിലൊരു തേങ്ങല്‍ വെറുതേ മാടിവിളിച്ചു,
ഈ പാതിരാവിലെന്തോ പാടിടാന്‍:....

"സ്നേഹ ലോലമാ" ശൈശവമെന്നത് പോയ്‌,
കൂടെ കളിക്കാന്‍ കാത്തില്ല ബാല്യവും
തുറന്നിട്ടു യൌവന ജാലകം പിന്നേയും
വന്നില്ല സഖിയും ഒരു സ്വപ്നവും.....

പിന്നെയെന്തു തന്നൂ കാലം സമ്മാനമായി?
"ബന്ധങ്ങളും കൂടെ ബന്ധനങ്ങളും
ബന്ധങ്ങള്‍ വിടപറഞ്ഞു പിരിഞ്ഞു വഴിയില്‍,
ബന്ധനസ്ഥനായി ഞാന്‍ ഏഴേഴു ജന്മവും...."

ബന്ധനത്തില്‍ സംതൃപ്തി തേടിയൊടുവിലെന്‍
കണ്ണുകള്‍ കാറ്റിലുമശ്രു പൊഴിക്കുകില്ല.
കാലം തന്ന ഈ മുറിവുകള്‍ വേഗമുണക്കേണം
നിസ്സഹായനെങ്കിലും കുറെ പ്രതീക്ഷയുണ്ട്...

Thursday, August 19, 2010

ഹര്‍ത്താല്‍

അതിരുകടന്നു വരുമൊരു
ആത്മസമര്‍പ്പണം,
അതിഥികള്‍ തല്‍കാലം
അടങ്ങിയിരിക്കണം.
അത്യാവശ്യമാണോ എന്നൊന്നും
അറിയേണ്ടതില്ല,
ആരു നടത്തുന്നു എന്നത്
ആരായേണ്ടതില്ല.
ആവലാതികള്‍ ഉണ്ടെങ്കില്‍
അറിയിക്കേണ്ടതില്ല,
അപേക്ഷകള്‍ നല്കിയിന്നു
ആശങ്കപ്പെടേണ്ടതില്ല.
ആത്മനൊമ്പരം വന്നാല്‍
അനുഭവിക്കണം,
അടിപൊളിയാക്കാന്‍ വെറുതെ
ആര്‍ത്തു വിളിക്കണം.
അനുകരിച്ചു നിന്നാല്‍
അന്തസ്സോടെ പോകാം,
ആക്ഷേപിച്ചു, കെട്ടിയവളെ
അഗതിയുമാക്കാം.....

Monday, August 16, 2010

വാക്ക്

വാക്കുകള്‍ക്കു വകതിരിവില്ലാതെ
വികാരം വിങ്ങിപോട്ടുമ്പോള്‍
വിളിച്ചു പറവതെല്ലാമേ
അവ്യക്ത ബിംബങ്ങള്‍:!

കുറിക്കു കൊണ്ടിടാനെങ്കിലോ
കുറിച്ച് വെച്ചിടാമെല്ലാം
നിനച്ചിടാതെ കണ്ടതാല്‍
നിശ്ചയമില്ല!

മിഴികള്‍ വിങ്ങിയൊലിക്കുമ്പോള്‍
മനോധര്‍മ്മം വിദൂരതയില്‍...
ഉയര്‍ന്നു പിന്നെ വരുവതോ
ഉലഞ്ഞ വാക്കുകള്‍:!

അടര്‍ന്നു വീണിടും അഭിമാനവും
കുലച്ചു നില്പും വിചാരവും
അറിയാതെ മേളിപ്പതോ
എന്തു ദുഷ്കരം!

പടയെടുത്തിടാനെങ്കില്‍: പറയാതെയാവാം
പച്ചക്കൊടിയിന്നു വീശേണ്ടതില്ല...
പുതുമണമില്ല പാടുന്ന പാട്ടിനു
പുതുതായിയൊന്നും പറയുന്നുമില്ല!

Monday, August 9, 2010

നര(ക) വേദനയില്‍

കൂരിരുള്‍ പാട്ടുകള്‍ കുരുങ്ങി കിടക്കുമൊരു
കാലത്തിന്‍ കോമരമീ മര്‍ത്യ ജന്മം....
കാലത്തിന്‍ കുത്തെഴുത്ത് കണ്ടറിഞ്ഞതിലോ
വിരഹവും വേദനയും ചിറകടിച്ചിരുന്നു....

ഏങ്ങികരഞ്ഞു തളര്‍ന്നു വീണിട്ടുമിന്നും
ഏന്തി നിര്‍ത്തിടാന്‍: കൈയൊന്നും ഇല്ലയെങ്ങും....
സങ്കടം പിന്നെ ചിരിച്ചു കിതച്ചു തിമിര്‍ത്തപ്പോള്‍:
"ഭ്രാന്തെനെന്നു" കരുതിയെന്നെ നാല്‍ചുവരിലാക്കി....

വെയിലെന്തു മഴയെന്ത്; കാറ്റെന്തു കഥയെന്ത്,
കാവല്‍ കാത്തിടാന്‍ കാവലാളികള്‍ ഏറെയുണ്ട്....
ചങ്ങലക്കിട്ടവന്‍, ചഞ്ചലം കേട്ടിടാതെ പോയപ്പോള്‍
നാല്‍ചുവരുകള്‍ വികാരത്തിന്‍: പ്രഭവകേന്ദ്രം....

ഇന്ന് നരവേദനയില്‍ ശേഷിച്ച ജീവിതം തന്നതോ
നിശബ്ദതയുടെ നിഴല്‍പ്പാടും നരകവേദനയും....
"ഇടത്തോട്ട് തലവെട്ടി പറഞ്ഞു ഇവനിതെല്ലാം
ഈ ഇടയന്റെ കണ്ണുനീര്‍ ഇറ്റുവീണു...."

Monday, August 2, 2010

ഇനിയൊരു നാള്‍!

മെല്ലെ പാടൂ, ഇളം കൊന്ന പൂവേ
ആരോ നിന്നെ തേടി വന്നുവോ...
പുലരെ വീഴുമാ മഞ്ഞുതുള്ളിയോ
മിന്നാമിന്നി ശലഭ കൂട്ടമല്ലയോ...

പറയാന്‍... കരുതിയ
കനവുകള്‍ ഏറെയോ..
മനസ്സിന്‍... സാനുവിലതു
കുളിര്‍ ചൊരിയുമോ..
ജീവഭാവങ്ങള്‍ ആദിയുഷസ്സില്‍
ഉണരവേ, അതിനിന്നു
ലോല ഭാവങ്ങള്‍ ആനന്ദം
വെറുതെ പകരുമോ...

വിധിച്ചിട്ട താരകം
അകലെയോ അരുകിലോ..
മെല്ലെയൊന്നു കാണുവാന്‍
കളകളം പാടുമോ..
ഒരു ചിരിപോലും
പാട്ടായിയുയരുമെങ്കില്‍
നിന്‍ പൂമുഖമതിനായി
മെല്ലെയൊന്നു വിടരുമോ...

മഴപാട്ട് പാടിടാന്‍:
മനം മറന്നുപോയൊ..
മാനം കണ്ടിടാതെ പോയോ
ആരും നിന്നിടാതെ പോയോ..
പുഞ്ചിരി പാട്ടായി,
പനിനീര്‍ മഴയായിയൊഴുകി വരും
ഓടിയെത്തുവാന്‍ ഓമനിക്കുവാന്‍
വരുമോ ബാല്യം ഇനിയൊരു നാള്‍!

Friday, July 30, 2010

ഉള്‍വിളി

അറിയുന്നതൊന്നും നാം അറിയേണ്ടതല്ല ,
അറിഞ്ഞു പോകേണ്ടതോ തിരിവതില്ല.
പറയേണ്ടതൊന്നുമേ പറവതില്ല,
പറഞ്ഞു പോവതോ, തെരിവതില്ല....

സങ്കീര്‍ണ്ണ സുസ്മിതമീ മാനുഷ ജീവിതം,
വികാരങ്ങള്‍ക്ക് വിലപേശലൊന്നുമില്ല.
അവശ്യമൂല്യങ്ങളിവിടെ അത്ഭുതകാഴ്ചകള്‍,
ആവലാതികള്‍ കുഴിച്ചിടാന്‍ ആറടിയും....

പാത്തും പതുങ്ങിയും പാരവെക്കാന്‍
പടവാളു കൈയിലേന്തി കാത്തുനില്‍പ്പവര്‍
നാട്ടുനടപ്പിലിന്നു വിരിഞ്ഞു നില്‍പ്പതോ
പകയുടെ മണം വീശുന്ന ചോരപൂക്കളും....

ചിന്തകള്‍ക്ക് പരദര്‍ശനമില്ലാതെ പോകുമ്പോള്‍
ഈ സ്ഥിതിയെങ്കില്‍:, നിസംശയം ചൊല്ലിടാം
മനസ്സില്‍ കാണുന്നത് ഫലത്തില്‍ കാണുമെങ്കില്‍
പ്രത്യക്ഷ നരകമീ ഭൂവില്‍ സഫലമായിടും....

Friday, July 23, 2010

എങ്കിലുമൊടുവില്‍

"പ്രേമം, സ്വകാര്യം
ഭാവം, സുതാര്യം
കാര്യം, നിസാരം
ന്യായം, സജീവം
ജീവിതം, സുസജ്ജം"
ഇതെല്ലാമാണെന്‍: ആഗ്രഹം
എങ്കിലുമൊടുവില്‍ ശിഷ്ടമോ,
വേണ്ടാ അത് വെറും കഷ്ടം!

Thursday, July 22, 2010

പെയ്തതറിയാതെ

ആകാശ നീലിമയിന്‍
കുളിര്‍മയില്‍ മൂകനായി
ഇളം തെന്നലില്‍
ഞാനൊന്നു മയങ്ങി വെറുതെ
ഏകാന്ത ലോകത്തില്‍
ആ നിദ്രയില്‍ എല്ലാമിന്നു
മിന്നിത്തിളങ്ങുന്നു
വെറുമൊരു സ്വപ്നം പോലെ....

എഴുതി തുടങ്ങി
ഞാനിന്നു കഴിഞ്ഞു പോയെന്‍
കലാലയ
വത്സരത്തിന്‍ ആ നിനവില്‍
അപരനായി ഇന്നു
ധരയില്‍: നടന്നു നീങ്ങിടുന്നേന്‍
നല്ല ഓര്‍മകളെല്ലാം അയവിറക്കി....

ഈറന്‍ മേഘങ്ങള്‍
വര്‍ഷിക്കുന്ന സലില ബിന്ദുക്കള്‍
ഇന്നെന്‍ ഫാലതിങ്കല്‍
വന്നു വീണിടുമ്പോള്‍
അറിയാതങ്ങു
വെറുതെ മന്ത്രിച്ചിടുന്നേന്‍
"എനിക്കില്ല അതുപോലൊരു വസന്ത കാലം"

Wednesday, July 14, 2010

കാലം മാറി; കോലമല്ല

നാലക്ഷരം കൂട്ടി വായിക്കാന്‍ അറിഞ്ഞിട്ടും
നഷ്ടങ്ങളില്‍ കാലിടറി നിന്നിടുന്നോ?
പെറ്റമ്മ നാടു പണയപ്പെടുത്തി നീ
പോറ്റമ്മയ്ക്ക് സേവനം ചെയ്തിടുന്നോ?

"വേതനം കണ്ടിട്ട് വന്ന സേവനമാണിത്
പങ്കുകിട്ടാത്തൊരു പണിയെടുപ്പല്ല"

വേതനമെങ്കിലും സേവനമെങ്കിലും
അമ്മതന്‍ നാട്ടില്‍ ക്ഷാമമുണ്ടോ?

"വേതനമില്ല, നല്ലൊരു സേവനമില്ല
ഹര്‍ത്താലും ബന്ദിനും ക്ഷാമമില്ല"

ഇക്കര നിന്നാല്‍ അക്കര പച്ച
അറിയില്ലേ നിനക്കതു നല്ലവണ്ണം?

"പച്ചപ്പും പായലും പണ്ടാണ്,
ഇന്നു പാച്ചലും മേച്ചലും പണത്തിനല്ലോ..."

പണം കൊണ്ട് പറയാതെ പോയവന്‍
അറിവിലെന്തു കണ്ടുപോയി?

"നഷ്ടമില്ലാതൊരു ജീവിതവും പിന്നെ
ശിഷ്ടമില്ലാത്ത ദുഖങ്ങളും...."


അമ്മതന്‍ മലയാളം അന്യമായോ,
ആദ്യാക്ഷരം കുറിച്ചതിവിടെന്നു മറന്നു പോയോ?

"മണ്ണിന്റെ മണമൊന്നും മറന്നിട്ടില്ല ഞാന്‍
മാറില്ലൊരുനാളും വഴിമാറി പോകുമില്ല
തീറ്റയ്ക്ക് തിരഞ്ഞിവിടെ തെരുവേറുമ്പോഴും
തായ്‌തന്ന മലയാളം തണലായി കണ്ടിടുന്നേന്‍:"

Monday, July 12, 2010

ഉപേക്ഷ

കടുത്ത വാക്കുകള്‍ കനല്‍ക്കട്ട പോലെ
കരിഞ്ഞു പോയീടുമീ കവനഹൃദയം
കാണാതെ പോകുമീ കണ്ണുനീരൊഴുക്ക്
കണ്ടു കിട്ടാത്തൊരു കടങ്കഥ പോലെയോ...


"ചതികുഴിയില്‍ വീണവന്റെ കഴുത്തില്‍
ചവിട്ടിയിന്നു ചാട്ടവാറു വീശീടുമീ ലോകം"
ജീവചക്രങ്ങള്‍ക്ക് ചരട് വലിച്ചീടുമാ
ചാണക്യനിതു കണ്ടിടാത്ത കവിതയോ?


ചിറകറ്റു കിടക്കുമീ തൂവല്‍പക്ഷിക്കു
ഇനിയെത്ര ദൂരം ബാക്കിയുണ്ട്?
കാറ്റത്താടന്‍ കൊതിക്കുമാ കാട്ടുമുല്ലപോലെ
കൈപുനീരിറക്കുന്നവനും കിനാവുകളേറെയുണ്ട്

Monday, July 5, 2010

കാലൊച്ച

പാരിജാത പൂമണമൊഴുകി വരുമാ
കാറ്റിലിന്നു പറയാത്തൊരു
സ്നേഹ മര്‍മ്മരം നീ കേട്ടിടുന്നോ?

ഒരു തിങ്കളായി തളിര്‍ത്തു നീ
എന്റെ നെഞ്ചില്‍
വെറുതെ കാലൊച്ച വെപ്പതെന്തിനോ?

നിലാവ് മീട്ടീടുമാ രാഗത്തിന്
ചുവടുവെച്ച്
മയൂരനടനം ഇന്നാടീടാനോ?

ഇണചേരാ കിളികളെപ്പോലെ നാമൊരു
ഇടം തേടി
കൈപിടിച്ചുയരാം എങ്കിലോ

കണ്ണടച്ചു നീണ്ടവഴിയില്‍ ഇന്ന്
കാണാതെ പോയ
എന്നെ കാത്തു നിന്നീടാമോ?

മഴമേഘം മണിച്ചെപ്പ്‌ തുറന്നൊരു
മാരിവില്ല്
പാകിയത്‌ കണ്ടു നിന്നീടാം...

ധനുമാസ രാവില്‍ മൂളലായി ഒഴുകുമാ
മലര്‍ വീണയുടെ
മന്ത്രഗീതമൊന്നു കേട്ടലിയാം പിന്നെ

ചാരിയുറങ്ങാം ചാഞ്ചാടുമീ തെന്നലിന്‍
മടിയില്‍
തലവെച്ചു വെറുതെ മിഴിയടച്ചീടാം

കൂടെ വരുമോ എന്നുമൊരു നിഴലായി
ഒരു തണലായി
നീ കൂട്ടുവരുമോ എന്നുടെകൂടെ.......

Monday, June 28, 2010

വിട പറയുമ്പോള്‍...

വിട പറഞ്ഞു നീയിന്നു ഈ ലോകം വെടിയുമ്പോള്‍
വ്യഥകള്‍ ഏറെയും തന്നു നീ യാത്രയായി...

അടയാതെ നില്‍ക്കുമാ മിഴികള്‍ ഞാന്‍ അടക്കുമ്പോള്‍
അറിയാതെന്‍ കവിളില്‍ കണ്ണുനീര്‍ ഒഴുകി...

പിന്നെയെല്ലാം നടന്നതോ വെറും ശൂന്യത മാത്രം
നിലവിളി, തേങ്ങലുകള്‍ എല്ലാം തളം കെട്ടി നിന്നു...

നിലവിളി കേട്ടു പതറി വന്നു, അയല്‍വാസികള്‍
യാതൊന്നും തിരിയാതെ തിണ്ണയില്‍ വന്നു നിന്നു...

പാതിരാവിന്നുടമയിന്നു പൌര്‍ണമി തിങ്കളായി
പാരെങ്ങും പാല്‍വര്‍ണ്ണം നല്‍കി വന്നു...

ഒടുങ്ങാതെ പോയ ഈ രോദനം കേട്ടത് കൊണ്ടാകാം
വന്ന വഴി നോക്കി തിരികെ യാത്രയായി...

കൈകാലുകള്‍ കൂട്ടിവെച്ചുകെട്ടിയിന്നാരോ
തെക്കോട്ട്‌ നോക്കി തല വെച്ചു കിടത്തി...

ചുറ്റിലൊന്നു മഞ്ഞള്‍ വാരി വിതറി പിന്നെ
ഹരിനാമ കീര്‍ത്തനം ചൊല്ലി നിന്നു...

പാതിരാ വെളിച്ചമിന്നു പണി കഴിഞ്ഞു നീങ്ങുമ്പോഴാ
പുലരി വെളുത്തു വിശ്വദീപം കൊളുത്തി...

അറിയാതെ പോയവര്‍ ആരാരോ പറഞ്ഞിന്നു
ആ മുഖം കാണാനായി പാഞ്ഞു വന്നു...

"നേരെമേറെ കഴിഞ്ഞു" പറഞ്ഞു എന്‍ ബന്ധുമിത്രങ്ങള്‍:
കാത്തു വെച്ചിട്ടിനി കാര്യമുണ്ടോ?

പള്ളിനീരാട്ടു കഴിഞ്ഞു പല്ലക്കിലേറ്റി കൊണ്ടുപോയി
പടി കടന്നു പോയി അവനിന്നു പറയാതെ തന്നെ...

Friday, June 25, 2010

അനുരാഗം

അനുരാഗം പൂമൊട്ടുപോലെ
അതിന്നറിയാതെ പൂവണിയുമ്പോള്‍
അതിലൊരു പൂവിതള്‍ എനിക്കു തന്നോ
നീ..... എനിക്ക് തന്നോ?


കാണാതൊരു കണിമലമേലെ
കണികൊന്ന പൂത്തതു പോലെ
അന്നെന്‍ കവിളില്‍ വിരിഞ്ഞ പൂക്കള്‍
കണ്ടു നിന്നോ? നീ കാത്തു നിന്നോ?


നിന്‍ മനസ്സില്‍ ഒരു തൂവെള്ളി മഴയായി
കഥ തുടരാന്‍ കനവുകള്‍ ഏറെ
ഈ ഉഷസന്ധ്യയില്‍ നീ കൂടെ വരുമെന്നാല്‍
കാത്തു നില്‍ക്കാം എന്‍ മോഹങ്ങള്‍ നിനക്കായ് കാത്തു വെയ്ക്കാം...

Wednesday, June 16, 2010

"ക" വിത

കണ്ണടച്ചു നിന്നാല്‍
കണ്ണുനീര്‍ ഒഴുക്കു നിന്നീടുമോ
കാഴ്ചയില്ലാത്തവന്‍:
കരയാതെ നോക്കി കണ്ടവരുണ്ടോ?
കരയാതെ പോയതാര്?
കാഞ്ഞുനില്‍ക്കുമാ കതിരു പോലും കരഞ്ഞ നാളുണ്ട്.
കനല്‍കാറ്റ് വീശിയോ?
കഥനകഥ കേള്‍ക്കാതെ ആരോ വഴിമാറി പോയോ?
കാലപരിധി കഴിഞ്ഞതാര്‍ക്ക്?
കാലഹരണപെട്ട ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ക്ക്.
കാലം മായിക്കാതതെന്ത്?
കാത്തു വെയ്ക്കാന്‍ കഴിയും നല്ല ഓര്‍മ്മകള്‍ മാത്രം
കാത്തു നില്‍കേണ്ടത് ആര്‍ക്കുവേണ്ടി?
കാലം കരുതി വെച്ച നിന്റെ കന്യക്ക് വേണ്ടി
കാണാതെ പോകേണ്ടതെന്ത്?
കണ്ടവര്‍ പറയുന്ന കുത്തുവാക്കുകള്‍
കണ്ടു വളരെണ്ടാതോ?
കഠിനാധ്വനവും കളങ്കമില്ലാ സ്വപ്നവും.
കടപ്പാട് വേണ്ടത്
കര്‍മഭൂമിക്കും കാത്തീടുമാ ആ ദിവ്യ ശക്തിക്കും

Thursday, June 10, 2010

മതി വരാതെ.....

മലയാള പൂവേ, മണിമേഘ നിലാവേ,
മനസ്സു തുറന്നു നീ പാടുകില്ലേ?
ഒരു മാമ്പൂകാലമെന്‍ മനസ്സില്‍
തരാമോ? മറുവാക്കൊന്നും ചൊല്ലിടാതെ...

മധുരമീ ജീവിതം, ആരും എഴുതാതെ പോയ
മതി വരാത്തൊരു മധുരസ്വപ്നം.
മനസ്സിന്‍ മണിമുറ്റത്തൊരു കളിയാട്ടം കണ്ടിടാന്‍
മാടി വിളിക്കുന്നോ, ഇന്നിണപക്ഷികള്‍:?

പടിഞ്ഞാറുദിച്ചൊരാ മേഘചാപം കണ്ടു
മതിമറന്നു നില്‍ക്കുകയോ നീ കിനാവിലെന്നപോലെ,
മനസിലുയരുമീ മായാസ്വപ്നങ്ങള്‍ ഓര്‍ത്തു
മറന്നിടാതെയൊന്നും എന്‍ മാന്‍കിടാവേ..........

Monday, June 7, 2010

പശ്ചാതാപം ഒരു പരിഹാരമോ?

ഒരു കാലമത്രെയും ചെയ്ത
നല്‍ചെയ്തികള്‍ എല്ലാമിന്നു
കാറ്റില്‍ പറത്തിയിവനൊരു
വീരസാഹസ കഥ മെനഞ്ഞു
വാക്കുകള്‍ കൊണ്ടു ഇവിടമൊരു
കുരുക്ഷേത്രമാക്കി, ഒടുവില്‍
"ഒരു വാക്കു" കൊണ്ടെല്ലാം
മറക്കാന്‍ അപേക്ഷിച്ചിടുന്നു!


വാരി വിതറിയ കോപക്രാന്തികള്‍:
വഴിചിഴച്ചത് എന്‍ ആശയും
അടങ്ങാത്ത ചില മോഹമും
അതോ ഇന്നു ഗതിയില്ലാതെ
എവിടെയോ ഒഴുകി നടന്നിടുന്നു
നൂല്‍ബന്ധം വിട്ടുപോയി....


ചെയ്തതത്രെയും മറന്നുവോ ഇന്നു നിന്‍:
"പശ്ചാതാപം ഒരു പരിഹാര മാര്‍ഗ്ഗമോ?"
എങ്കില്‍ കണ്ണീരില്‍: കുതിര്‍ത്തു പോയ്‌
ആരും കാണാതെ പോകുന്ന എന്‍ മനം,
അതിന്‍ ഉള്ളില്‍ പിടയുന്ന ആ വേദനയിന്‍
പൊരുളും, പ്രിയനേ നീ തന്നെ ചൊല്‍ക!

Tuesday, June 1, 2010

പെയ്യാന്‍ മറന്നുവോ?

പതിനാറു തിങ്കള്‍ കഴിഞ്ഞുപോയി
പതിവിലേറെ വേനല്‍ കനിഞ്ഞുപോയി
പതിറ്റാണ്ടുകള്‍ പതിവു മുടക്കാതെ വരും
ആ വേനല്‍ മഴയിന്നു പെയ്യാന്‍ മറന്നുവോ?


തണല്‍ മരങ്ങള്‍ ഇല കൊഴിഞ്ഞു
നില്‍ക്കുകയായി.....
തണ്ണീര്‍ തടാകങ്ങളിന്നു തായ്‌മണല്‍
ഭൂമിയായി വേനലില്‍:
താനേ ഒഴുക്ക് നിലച്ചുപോയി
കണ്ണാടി പുഴകളെവിടെയും
നിറഞ്ഞൊഴുകുന്ന ചാലുകളെല്ലാം
കണ്ടാ നാള്‍ മറന്നുപോയി.....


പച്ചില, പൂമരം, പുതുമണമെന്നും
ചുറ്റി നില്‍ക്കുമാ സഹ്യനു
മരതക മാല കോര്‍ത്ത്‌ നല്‍കിയൊരു
നാടാണോയിതെന്നോര്‍ക്കണം.....
നെല്‍മണി കതിരുകള്‍ പട്ടു ചുറ്റി
നില്‍ക്കുമാ പാടത്തു
കൊയ്ത്തുപോകും ആ കാഴ്ചകള്‍
ഇന്നെവിടെയോ.....?


അറിയാതെ നാം ചെയ്ത വികൃതികള്‍ ഏറെയും
അറിഞ്ഞു ചെയ്യും കുറെ പ്രവൃത്തികള്‍ കൂടെയും
പ്രതിഫലം തരുമീ പ്രകൃതിയും ഈ തോതില്‍:
"മരണത്തെ ഇന്നു നാം മാടിവിളിക്കുന്നുവോ?"

Thursday, May 27, 2010

കാള്‍സെന്റര്‍

രാവുറക്കം നിഷേധിക്കപ്പെട്ട ചിലരുണ്ടീ നാട്ടില്‍
ഉയര്‍ച്ചയ്ക്കുവേണ്ടി ഉയിരേ ത്വജിച്ചിതാ
ഉറങ്ങാതെ കണ്ണുയര്‍ത്തി പിടിച്ചു രാത്രിയില്‍
ഉരുവിടുന്നു എന്നുമൊരെ മന്ത്രഗീതം.....


തേച്ചുമിനുക്കിയ കോട്ടും സൂട്ടുമായി വെറുതെ
ആ ചെവിയിലൊരു കുന്തവും കുത്തിപിടിച്ച്‌
കാരണവന്‍ പറഞ്ഞു തന്ന കാരണം ആരോടോ
ഓതിച്ചങ്ങു... തള്ളിനീക്കുന്നു ഇഴയുമാ രാത്രിയെ.....


ഒഴിവുനേരമൊരു കപ്പു കാപ്പിയൂതിപിടിച്ചു
അരുകില്‍ ഇരിക്കുമാ മുക്കാല്‍ പാന്റിട്ട തോഴിയോടു
വെടി പറഞ്ഞു വെറുതെ കളിച്ചു ആ രാത്രിതന്‍
കളികൂട്ടരെ നിരീക്ഷിച്ചു, വര്‍ണിച്ചു നില്‍പിതാ.....


പോകുന്ന വേളയില്‍ പുലരേ സേവിക്കുവാന്‍
"ബ്രെഡും ബട്ടറും" വാങ്ങി ബാഗിലാക്കി ധ്രുതിപെട്ടു
ഓടിപിടച്ചങ്ങു കയറീ കാറിലൊന്നു വേഗം, പിന്നീടു
യാത്ര പറഞ്ഞു, "ആ രാത്രിയോട്‌:" ഒരു പാതിയുറക്കത്തില്‍:.....

Tuesday, May 25, 2010

നിസ്വനം

പകലേറെ കഴിഞ്ഞു
പലവേലകള്‍: കഴിഞ്ഞു
പാവമെന്നതിനാല്‍ അവന്‍
ഇന്നുമൊരു പാമരന്‍:...


പണിചെയ്തു ചെയ്തവന്‍
തളര്‍ന്നു വീണിടുന്നു ഇന്നിതാ
പരിത്യാഗം ചെയ്ത 'ഇവന്‍'
കര്‍മ്മഫലം എവിടെയോ?


വെറുതെ പഴിക്കുവാന്‍
അറിയില്ല ഒരു നാളുമെനിക്ക്
ബാഹ്യ വീക്ഷണം, അതോ
സ്വസ്ഥം, വെറും നിശബ്ദം.....


അതിന്മേല്‍ പടയെടുക്കുവാന്‍
വെമ്പുന്നു ഒരു ചിലര്‍ പണ്ടാരോ
പഴകിവന്ന ചില ചീട്ടകള്‍
കാതലായി തുടര്‍ന്നുപോയി......


ഈ അടികള്‍ താങ്ങിയും
അവന്‍ വീണ്ടും നടക്കുന്നിതാ
കീറിപ്പറഞ്ഞ തന്‍ ഉടുതുണി
വീണ്ടുമൊന്നു ഉയര്‍ത്തി കെട്ടി.....


തുടിക്കുന്ന അവന്‍ ഉള്‍:നാദം
കേള്‍പ്പതില്ലാരുമേ, അതു താന്‍
എന്നുള്ളില്‍ അടങ്ങാതെ
ഒഴുകുന്ന ആ നിസ്വനം.....

Monday, May 24, 2010

പൂവേ ചൊല്ലു.......

ആയില്യം പൂവേ ചൊല്ലൂ
അരികത്തെ അഴകിനെ കാണാന്‍
ആരോരും അറിയാതിന്നോടി വന്നുവോ,
നീ....... ആരോടും പറയാതെയോടി വന്നുവോ?


അന്നന്‍റെ മുറ്റത്തെത്തി
ആ മേഘം പൊഴിയാനായി
ആര്‍ദ്രമായി ഒരു ഗീതം പാടി വന്നുവോ,
നീ....... ആരോരും കേള്‍ക്കാതെയത് മൂളി വന്നുവോ?


അയലത്തെ പെണ്ണുങ്ങള്‍
ഇന്നരികുത്തി നിന്നപ്പോള്‍
പറയാതെ നീയങ്ങെന്നെ തേടിവന്നുവോ,
നീ....... ചിരി തൂകി, വിളയാടി ഇങ്ങോടി വന്നുവോ?

Monday, May 17, 2010

മഴയില്‍

മലമുകള്‍ തിട്ടകള്‍ കയറി വന്നു
ഒരു കരിമുകില്‍ പെണ്‍കൊടി
വേഗമിന്നു പെയ്തുതീര്‍ന്നു
പെയ്ത രാവില്‍ 'മലര്‍' വാടിയില്‍
പൂത്തു നിന്നു; മഴ മേഘം മൂളിയ
ഗാനമതു കേട്ടുനിന്നു.....


ആര്‍ക്കുവേണ്ടിയോ ഈ മലര്‍ ഇന്നു
തിരികെ വിരുന്നു വന്നു? അകലാതെ
ഒരു ഭ്രമരം അതിനെ തേടി വന്നു
കൂടെയൊരു ശലഭം കൂട്ടുനിന്നു
നെറുകയെ തലോടുവാന്‍ കൂടെ നിന്നു
വീണ്ടുമാ നീര്‍മിഴികള്‍: പൂട്ടിനിന്നു.....


വഴിമാറിയ വസന്തമിന്നു കൊഞ്ചി വന്നു
തൊട്ടടുത്തു വന്നതു നീങ്ങി നിന്നു
വരുമെന്നു പറഞ്ഞ തന്‍റെ പ്രിയനേ
നോക്കി നിന്നു, വരുമെന്ന പ്രതീക്ഷയില്‍
വെറുതെ കാത്തു നിന്നു, പറയുവാന്‍
പരിഭവമെല്ലാം ഓര്‍ത്തുനിന്നു.....

ഇഷ്ടം

മഴയിലൊന്നു നനയുവാന്‍
മഴമുകിലെ പുണരുവാന്‍
മഴവില്ല് കാണുവാന്‍
നനഞ്ഞോടി കളിക്കുവാന്‍
ഇന്നെനിക്കിഷ്ടം.....


ഒരിലയായി തളിര്‍ക്കുവാന്‍
കാറ്റായി വീശുവാന്‍
പുഴയായി ഒഴുകുവാന്‍
കടലായി അല തല്ലുവാന്‍
എനിക്കൊരിഷ്ടം.....


കിളിയായി ഉയരുവാന്‍
കുയിലായി പാടുവാന്‍
മയിലായി ആടുവാന്‍
തത്തയായി കൊന്ജുവാന്‍:
എന്നുമെനിക്കിഷ്ടം.....


മുല്ല പൂത്തു കാണുവാന്‍
അതിന്‍ ഗന്ധം ഒന്നറിയുവാന്‍:
മെല്ലെയതില്‍ അലിയുവാന്‍
അറിയാതങ്ങു മയങ്ങുവാന്‍:
വീണ്ടുമെനിക്കിഷ്ടം.....


താരാട്ടുപാട്ട് കേള്‍ക്കുവാന്‍
തായ്‌ മടിയില്‍ ഉറങ്ങുവാന്‍
ബാല്യം വീണ്ടും ഒന്നോര്‍ക്കുവാന്‍
ഓര്‍മയില്‍ വീണ്ടുമൊന്നു കൂടുവാന്‍
വെറുതെ ഒരിഷ്ടം.....


സ്വപ്നമിന്നു കാണുവാന്‍
യാത്ര ചെയ്തു തുടരുവാന്‍
വീണ്ടുമാ വഴിയില്‍ നടക്കുവാന്‍
മോഹ ലോകമിന്ന് പൂകുവാന്‍
വീണ്ടുമൊരിഷ്ടം.....


അറിയാതെ എഴുതുവാന്‍
അണയാതെ എരിയുവാന്‍
അകലാതെ തുഴയുവാന്‍
ആടുവാന്‍ പാടുവാന്‍
എന്തോ? ഒരിഷ്ടം.....


നഷ്ടമുള്ളത് ഇന്നോര്‍ക്കുവാന്‍
ഇഷ്ടമുള്ളത് ഇന്നെഴുതുവാന്‍
സ്മൃതിയില്‍ മുഴുകുവാന്‍:
കണ്ണുനീര്‍ തുടൈക്കുവാന്‍:
എന്നേക്കും ഒരിഷ്ടം.....

Tuesday, May 11, 2010

നിഴല്‍

പകല്‍ വെളിച്ചമിന്നു പകുതി
മടങ്ങവേയിന്നൊരു നിഴല്‍ മാത്രം
ഈ ഭൂവില്‍ നീന്തി തുടങ്ങി.....
പാടിപറന്നു ചില പൈങ്കിളി
കൂട്ടമീ വേളയില്‍, അതുകണ്ടു
നിന്നു മൌനമായി ചന്ദ്രനും


ഒരു കൊച്ചു പൂവിതള്‍ ഇന്ന്
കാത്തു നിന്നു, ആ നിഴലേ
തലോടുവാന്‍ നോക്കി നിന്നു
നില്‍കുന്ന വേളയില്‍ കൂടെ
നിന്നു ഇന്നു പൂമണം വീശാന്‍
ഒരു മരം കൂട്ടുനിന്നു.....

സാന്ത്വനം

അടരാതെ നീ, ഞാനറിയാതെ നീ ഇന്നെന്‍
വാതില്‍ക്കല്‍ വന്നു മൂളി, അണയാതെ
എരിയുന്ന ആടിപടരുന്നോരഗ്നിപോലെ
ഇന്ന് നിന്‍ ആത്മഗീതം ..........


തിളച്ചിടും നിന്‍ നെഞ്ചില്‍ തീയൊഴിച്ചതാരോ?
നിന്‍ മനസിലൊഴുകും ഈ പുഴയെതോ?
ആകില്ല എനിക്കിന്ന് അറിയാതെ ചൊല്ലുവാന്‍
അകലാതെ ചൊല്ലു നിന്‍ ഹൃദയഗീതം .......


അറിയാതെ ഞാനതില്‍ അലിഞ്ഞുപോയി, ഇന്നത്‌
കേട്ടിരുന്നു, ഭാഷിക്കാനൊന്നു കാത്തിരുന്നു,
ഒരു സാന്ത്വന ഗീതമൊന്നു പാടുവാന്‍, നിന്നെയിന്നു
കുഞ്ഞിളം കാറ്റില്‍ വേഗമൊന്നു തണുപ്പിക്കുവാന്‍


"യാത്ര പറയു സഖി, നീ നിന്‍ അഴല്‍ ഗീതെക്ക്
പിന്നെ നാമിന്നു യാത്രയാകം സ്നേഹ വിരിപ്പിട്ടു
പുതച്ചു, വര്‍ണ്ണ മേഘങ്ങള്‍ വാരി നിറച്ചൊരു
മായാലോകത്ത് ഇന്നെല്ലാം മറന്നു വെറുതെ....."