Friday, July 30, 2010

ഉള്‍വിളി

അറിയുന്നതൊന്നും നാം അറിയേണ്ടതല്ല ,
അറിഞ്ഞു പോകേണ്ടതോ തിരിവതില്ല.
പറയേണ്ടതൊന്നുമേ പറവതില്ല,
പറഞ്ഞു പോവതോ, തെരിവതില്ല....

സങ്കീര്‍ണ്ണ സുസ്മിതമീ മാനുഷ ജീവിതം,
വികാരങ്ങള്‍ക്ക് വിലപേശലൊന്നുമില്ല.
അവശ്യമൂല്യങ്ങളിവിടെ അത്ഭുതകാഴ്ചകള്‍,
ആവലാതികള്‍ കുഴിച്ചിടാന്‍ ആറടിയും....

പാത്തും പതുങ്ങിയും പാരവെക്കാന്‍
പടവാളു കൈയിലേന്തി കാത്തുനില്‍പ്പവര്‍
നാട്ടുനടപ്പിലിന്നു വിരിഞ്ഞു നില്‍പ്പതോ
പകയുടെ മണം വീശുന്ന ചോരപൂക്കളും....

ചിന്തകള്‍ക്ക് പരദര്‍ശനമില്ലാതെ പോകുമ്പോള്‍
ഈ സ്ഥിതിയെങ്കില്‍:, നിസംശയം ചൊല്ലിടാം
മനസ്സില്‍ കാണുന്നത് ഫലത്തില്‍ കാണുമെങ്കില്‍
പ്രത്യക്ഷ നരകമീ ഭൂവില്‍ സഫലമായിടും....

Friday, July 23, 2010

എങ്കിലുമൊടുവില്‍

"പ്രേമം, സ്വകാര്യം
ഭാവം, സുതാര്യം
കാര്യം, നിസാരം
ന്യായം, സജീവം
ജീവിതം, സുസജ്ജം"
ഇതെല്ലാമാണെന്‍: ആഗ്രഹം
എങ്കിലുമൊടുവില്‍ ശിഷ്ടമോ,
വേണ്ടാ അത് വെറും കഷ്ടം!

Thursday, July 22, 2010

പെയ്തതറിയാതെ

ആകാശ നീലിമയിന്‍
കുളിര്‍മയില്‍ മൂകനായി
ഇളം തെന്നലില്‍
ഞാനൊന്നു മയങ്ങി വെറുതെ
ഏകാന്ത ലോകത്തില്‍
ആ നിദ്രയില്‍ എല്ലാമിന്നു
മിന്നിത്തിളങ്ങുന്നു
വെറുമൊരു സ്വപ്നം പോലെ....

എഴുതി തുടങ്ങി
ഞാനിന്നു കഴിഞ്ഞു പോയെന്‍
കലാലയ
വത്സരത്തിന്‍ ആ നിനവില്‍
അപരനായി ഇന്നു
ധരയില്‍: നടന്നു നീങ്ങിടുന്നേന്‍
നല്ല ഓര്‍മകളെല്ലാം അയവിറക്കി....

ഈറന്‍ മേഘങ്ങള്‍
വര്‍ഷിക്കുന്ന സലില ബിന്ദുക്കള്‍
ഇന്നെന്‍ ഫാലതിങ്കല്‍
വന്നു വീണിടുമ്പോള്‍
അറിയാതങ്ങു
വെറുതെ മന്ത്രിച്ചിടുന്നേന്‍
"എനിക്കില്ല അതുപോലൊരു വസന്ത കാലം"

Wednesday, July 14, 2010

കാലം മാറി; കോലമല്ല

നാലക്ഷരം കൂട്ടി വായിക്കാന്‍ അറിഞ്ഞിട്ടും
നഷ്ടങ്ങളില്‍ കാലിടറി നിന്നിടുന്നോ?
പെറ്റമ്മ നാടു പണയപ്പെടുത്തി നീ
പോറ്റമ്മയ്ക്ക് സേവനം ചെയ്തിടുന്നോ?

"വേതനം കണ്ടിട്ട് വന്ന സേവനമാണിത്
പങ്കുകിട്ടാത്തൊരു പണിയെടുപ്പല്ല"

വേതനമെങ്കിലും സേവനമെങ്കിലും
അമ്മതന്‍ നാട്ടില്‍ ക്ഷാമമുണ്ടോ?

"വേതനമില്ല, നല്ലൊരു സേവനമില്ല
ഹര്‍ത്താലും ബന്ദിനും ക്ഷാമമില്ല"

ഇക്കര നിന്നാല്‍ അക്കര പച്ച
അറിയില്ലേ നിനക്കതു നല്ലവണ്ണം?

"പച്ചപ്പും പായലും പണ്ടാണ്,
ഇന്നു പാച്ചലും മേച്ചലും പണത്തിനല്ലോ..."

പണം കൊണ്ട് പറയാതെ പോയവന്‍
അറിവിലെന്തു കണ്ടുപോയി?

"നഷ്ടമില്ലാതൊരു ജീവിതവും പിന്നെ
ശിഷ്ടമില്ലാത്ത ദുഖങ്ങളും...."


അമ്മതന്‍ മലയാളം അന്യമായോ,
ആദ്യാക്ഷരം കുറിച്ചതിവിടെന്നു മറന്നു പോയോ?

"മണ്ണിന്റെ മണമൊന്നും മറന്നിട്ടില്ല ഞാന്‍
മാറില്ലൊരുനാളും വഴിമാറി പോകുമില്ല
തീറ്റയ്ക്ക് തിരഞ്ഞിവിടെ തെരുവേറുമ്പോഴും
തായ്‌തന്ന മലയാളം തണലായി കണ്ടിടുന്നേന്‍:"

Monday, July 12, 2010

ഉപേക്ഷ

കടുത്ത വാക്കുകള്‍ കനല്‍ക്കട്ട പോലെ
കരിഞ്ഞു പോയീടുമീ കവനഹൃദയം
കാണാതെ പോകുമീ കണ്ണുനീരൊഴുക്ക്
കണ്ടു കിട്ടാത്തൊരു കടങ്കഥ പോലെയോ...


"ചതികുഴിയില്‍ വീണവന്റെ കഴുത്തില്‍
ചവിട്ടിയിന്നു ചാട്ടവാറു വീശീടുമീ ലോകം"
ജീവചക്രങ്ങള്‍ക്ക് ചരട് വലിച്ചീടുമാ
ചാണക്യനിതു കണ്ടിടാത്ത കവിതയോ?


ചിറകറ്റു കിടക്കുമീ തൂവല്‍പക്ഷിക്കു
ഇനിയെത്ര ദൂരം ബാക്കിയുണ്ട്?
കാറ്റത്താടന്‍ കൊതിക്കുമാ കാട്ടുമുല്ലപോലെ
കൈപുനീരിറക്കുന്നവനും കിനാവുകളേറെയുണ്ട്

Monday, July 5, 2010

കാലൊച്ച

പാരിജാത പൂമണമൊഴുകി വരുമാ
കാറ്റിലിന്നു പറയാത്തൊരു
സ്നേഹ മര്‍മ്മരം നീ കേട്ടിടുന്നോ?

ഒരു തിങ്കളായി തളിര്‍ത്തു നീ
എന്റെ നെഞ്ചില്‍
വെറുതെ കാലൊച്ച വെപ്പതെന്തിനോ?

നിലാവ് മീട്ടീടുമാ രാഗത്തിന്
ചുവടുവെച്ച്
മയൂരനടനം ഇന്നാടീടാനോ?

ഇണചേരാ കിളികളെപ്പോലെ നാമൊരു
ഇടം തേടി
കൈപിടിച്ചുയരാം എങ്കിലോ

കണ്ണടച്ചു നീണ്ടവഴിയില്‍ ഇന്ന്
കാണാതെ പോയ
എന്നെ കാത്തു നിന്നീടാമോ?

മഴമേഘം മണിച്ചെപ്പ്‌ തുറന്നൊരു
മാരിവില്ല്
പാകിയത്‌ കണ്ടു നിന്നീടാം...

ധനുമാസ രാവില്‍ മൂളലായി ഒഴുകുമാ
മലര്‍ വീണയുടെ
മന്ത്രഗീതമൊന്നു കേട്ടലിയാം പിന്നെ

ചാരിയുറങ്ങാം ചാഞ്ചാടുമീ തെന്നലിന്‍
മടിയില്‍
തലവെച്ചു വെറുതെ മിഴിയടച്ചീടാം

കൂടെ വരുമോ എന്നുമൊരു നിഴലായി
ഒരു തണലായി
നീ കൂട്ടുവരുമോ എന്നുടെകൂടെ.......