Monday, September 27, 2010

തണല്‍

നനഞ്ഞ മണ്ണിന്‍ കനമറിഞ്ഞവന്‍
പണിതു പൊക്കിയൊടുവില്‍
സ്നേഹപ്രതീകമാമുജ്ജല സൗധം

കണ്ടു നിന്നവര്‍, സത്യമോ
അസത്യമോയെന്നതറിയാതെ
കൌതുകം കണ്ണില്‍ തെളിച്ചു നിന്നു...

പാതിരാ മയക്കം പാടേ മറന്നു
പണിപ്പെട്ടു പലതരം
ഈ സ്വപ്നഭൂമിയൊരിക്കിടാന്‍.

ഇരുള്‍ കണ്ടു നിലച്ചു പോയവര്‍ക്ക്
വഴിവിളക്കായി നിന്നിടാന്‍
രാപ്പകലോടി, ആത്മാര്‍ത്ഥ തുടിപ്പിനാല്‍...

കാലിടറിയത് കാര്യമാക്കാതെയെന്നും
കാത്തു നിന്നു ദീര്‍ഘ നാള്‍
കാവലായി ഈ ഭൂമിയെന്നും കാത്തിടാന്‍...

കൈനീട്ടി വിളിച്ചു ഇന്നീ ഭൂമിയില്‍
തലചായ്ച്ചുറങ്ങാന്‍
തളര്‍ന്നുപോയ തരള ഹൃദയങ്ങളെ...

തായ്‌തന്തയില്ലാത്തവരില്ലയീ ഭൂവില്‍
തണലായി സ്നേഹം വിളമ്പിടാന്‍
തരു-ലത പോലുമണിഞ്ഞങ്ങു നില്‍പ്പിതാ...

വിശപ്പിന്‍ വിലയറിയാതെയെന്നുമിവര്‍
വേരോടിച്ചാലപിച്ചു,
പ്രതീക്ഷ നല്‍കുന്ന സ്നേഹ ഗീതങ്ങള്‍...

തളംകെട്ടി നിന്നു പിന്നെയെന്നുമിവിടെ
ആ സ്നേഹത്തിന്‍ കളകൂജനം,
പുതുവസന്തമെന്നും നറുമണം വീശി നിന്നു....

Tuesday, September 7, 2010

പ്രത്യാശ

ഇത്തിരിവെട്ടത്തിലിമ്മിണിപ്പൂക്കളാദ്യം
പിന്നേയും പൂവിട്ടു പൂവിട്ടു പൂന്തോട്ടമായി
താഴുന്നു കേഴുന്നു തേടുന്നു വെറുതേ
പടരുന്നു പാരിലിതു പാല്‍വള്ളിപോലെ...

ചപ്പിലക്കൂട്ടങ്ങള്‍ ചളിച്ചുപൊയെങ്കില്‍
ചന്ദനമുട്ടിയിട്ടു കത്തിച്ചിടാനാകുമോ?
ചന്തമില്ലാത്തതു കൊണ്ടാകാമല്ലെങ്കില്‍
ചേറിലേക്കെറിഞ്ഞു ശിക്ഷിച്ചു പോയത്...

കണ്ടിട്ടും കേട്ടിട്ടും കാണാനും കരയാനും
തേടിയെത്തിയതാരാരോ ഈ വഴിയില്‍
പാടുന്ന പാട്ടുകള്‍ തീര്‍ന്നതോടെയിവര്‍
പ്രത്യാശ തന്നു പറയാതെ പിരിഞ്ഞു പോയ്...

ഒഴുകുന്ന വെള്ളത്തിലൊരുമയോടെ
ഒഴുകാനായൊരുമിച്ചു നിന്നവരൊന്നുപോലെ.
കഥയെന്നും തുടരേണം കാവലായി നില്‍ക്കേണം
കാരുണ്യദീപമേ കാക്കണേ നീയെന്നും ...

വിധി

സുഖമായുറങ്ങുക സഖീ....
സ്നേഹത്തിന്‍ നിറപൂക്കാലം മനസ്സില്‍
നിറച്ചെന്നും വര്‍ണ്ണം ചൊരിഞ്ഞ നീയിന്നു
സുഖമായുറങ്ങുക....

കാച്ചിവെച്ച പാല് പുളിച്ചിട്ടുമില്ല
കാതോരം ചൊന്നതു നിലച്ചിട്ടുമില്ല
കണ്ണീരൊഴുക്കിയെങ്കിലും സഹിക്കവയ്യ
വിലാപത്തിന്‍ ആ ധ്വനിയിന്നും നിലയ്പ്പതില്ല...

വിധിയിന്‍ വീരവിളയാട്ടം എല്ലാമിന്നു തന്റെ
മതിയാല്‍ ജയിച്ചു വന്നിടാനാകുമോ?
ക്ഷണകത്ത്‌ നല്‍കിയത് ഇരുട്ടിലേക്കെങ്കിലും
പകുതി വഴിയില്‍ മടങ്ങി നടന്നിടാനാകുമോ?

അരചനുമടിയനും തുല്യന്യായമിന്നു
കല്‍പ്പിച്ചീടുമീ വിധിയുടെ ചാരത്തു
നിസ്സഹായനായി നിന്നുവൊടുവില്‍,
"മരവിച്ചുപോയ നിനക്കൊരു മടക്കയാത്രക്കായ്"

കാതോര്‍ത്തില്ലവന്‍.... കേഴുന്നവനോട്....
കാത്തു നിന്നില്ല... പിന്നെയൊരിക്കലും...
"നാമാവശേഷമായിന്നെല്ലാം സഖീ....
നീ സുഖമായുറങ്ങുക...സുഖമായി....