Monday, November 22, 2010

സ്നേഹം

അരങ്ങൊഴിഞ്ഞു വന്നവര്‍ക്കൊരു അഭയമന്ത്രം,
അടിയൊഴുക്കു നഷ്ടപ്പെട്ടവര്‍ക്കിതു ശാന്തിതീരം,
ജീര്‍ണ്ണിച്ചു തുടങ്ങിയവര്‍ക്കായ്, ജീവിത മാര്‍ഗ്ഗം
ആത്മശാന്തി നല്‍കുമിതൊരു അഗതിമന്ദിരം...

"ആരോ പറഞ്ഞതു കേട്ടിട്ട് പിന്നെയെന്‍ മകന്‍
അടുത്ത തിങ്കള്‍പ്പകലെന്നെ അവിടമാക്കി,
പട്ടിണിക്കിട്ടില്ല, പടികടത്തി നിര്‍ത്തിയില്ല,
തെരുവിലലയാന്‍ വിളിച്ചോതിയില്ല...

പണമുണ്ട്, കുട്ടിയും പേരകിടാങ്ങളുമെല്ലാം
സാന്ത്വനമായില്ല, പറന്നകന്നു ദൂരെയിവര്‍,
"സ്നേഹരക്ഷക്ക് അവന്‍ തന്നൊരു ശിക്ഷയിത്"
മൌന ദുഖമായെല്ലാം മനസ്സില്‍ വിതച്ചു ഞാന്‍...."

സ്നേഹിച്ചു സ്നേഹിച്ച് കൊതി തീരാത്തവരിവര്‍
പ്രിയകവി പാടിയപോല്‍, സ്നേഹ സാന്നിദ്ധ്യ-
-ത്തിനു കാത്തിരിപ്പവര്‍, ദീര്‍ഘനാള്‍.
ഒരിറ്റു സ്നേഹമിന്നു നല്‍കാന്‍ ആളാരുണ്ടോ?

സ്നേഹം.. സ്നേഹം.. അതല്ലെയെല്ലാം

Monday, November 8, 2010

ചികിത്സ വേണ്ടതാര്‍ക്ക്?

ചികിത്സ വേണ്ടതാര്‍ക്ക്...?

കണ്ണുനീര്‍ തുടച്ചുമാറ്റിയ കൈകളെ
കഠാരയിട്ടു രണ്ടു തുണ്ടായ് മുറിച്ചിട്ടു,
വിരുന്നു വിഭവങ്ങള്‍ മുന്നില്‍ വിളമ്പി നിന്ന
നിന്റെ ചിന്തയ്ക്കു ചികിത്സ വേണം...!

ശങ്കിച്ച് നിന്നൊടുവില്‍ ചിന്നിച്ചിതറിയ
വാക്കുമാവരിയില്‍ വൈരിതന്‍ കരുത്തും
വേരിളകി വെയില്‍ കാഞ്ഞു നില്‍ക്കവേ,
കനവറിയാതെ കാരണമാരാഞ്ഞിടുന്ന
നിന്‍ ചിന്തയ്ക്കു ചികിത്സ വേണം...

വിരലില്‍ തറച്ചൊരു മുള്ളിന്റെ മുറിവില്‍
വിരലാട്ടി വാര്‍ത്തെടുത്ത ചോരയിന്നു
ഉറഞ്ഞാടുന്നത് കണ്ടൊടുവില്‍,
വാശിയോടെ വെട്ടിയെന്നെ ശവപ്പെട്ടിയിലേക്കിട്ടു
വിയര്‍പ്പൊഴിക്കിയ ചിന്തയ്ക്കു ചികിത്സ വേണം...

കെട്ടിയോള്‍ കണ്പ്പൊട്ടയായി നിന്നിടുമ്പോഴും
കാല്‍വയറിനിന്നു തെണ്ടി തിരിഞ്ഞിടുമ്പോഴും
നിന്‍ കര്‍മ നിയോഗം, അതിന്‍ പ്രയോഗമായ്.
ഗദ്ഗദം കേട്ടിടാതെയെന്നെ നീ കുഴിയിലേക്കിട്ടു,
നിന്റെ ചിന്തയ്ക്കു ചികിത്സ വേണം...

നിന്റെ ചിന്തയ്ക്കിന്നു ചികിത്സ വേണം....!