Monday, August 30, 2010

ഉണര്‍ത്തുപാട്ട്

കൂടെയരുകില്‍ കാലമെത്രെ
കാത്തുനിന്നീടുമെന്നതുപോലും
കേട്ടുകേള്‍വിയില്ലാത്തവര്‍ തന്‍
കര്‍മഫലക്കൊണ്ട് പാപികളായ്!

ചരിത്രമറിയാ ചാഞ്ചാട്ടമിന്നു
വിമര്‍ശം അമര്‍ഷമാക്കിയൊടുവില്‍
ഞാനോ-അവനോയെന്നതിന്‍ ആശയം
തീവ്രമായി ആരാഞ്ഞുപോയി!

നാളേക്ക് നീക്കിവെച്ച നിലപാടുകള്‍
പലതും നെറികേടുകള്‍
നേട്ടങ്ങളും നല്‍വചനങ്ങളും
എന്നും മങ്ങിയ വഴിത്താരകള്‍...

കണ്ണാടിനോക്കി കളിപറഞ്ഞത്‌
വെറുതെയെന്നു കരുതാതെ പോയതോ
കോട്ടുവായിട്ടവന്റെ കൊങ്ങയ്ക്ക്
കുത്തി കൊല്ലാന്‍ കൂട്ടുനിന്നത്...

നാടറിയാന്‍ നഗരമധ്യേയെന്നുമിതു
നെഞ്ചിലേറ്റി നടത്തുന്നീ നല്ല
"നിറവാര്‍ന്ന നിമിഷങ്ങള്‍"
നിണമോഴുകിവരും നീര്‍കണങ്ങള്‍!

സ്നേഹ മണിദീപമൊന്നു
നാളേക്ക് കാത്തുവെച്ചിടാന്‍,
കൂടെ ഉയരാന്‍, ഉണര്‍വേകാന്‍
ഉണര്‍ത്തുപാട്ടായി ഞാനിതു പാടി...

അണയാതിരിക്കട്ടെയെന്നുമിതിന്‍
ആശയവും ആവശ്യവും...
അറിയാതെ അകത്തീടാം നാം
അമര്‍ഷവും ആത്മപീഡനവും....

Friday, August 27, 2010

പ്രതീക്ഷ

നഷ്ടപ്പെട്ട ചിന്ത തന്നേതോ സ്മാരക മി -
ന്നുയര്‍ന്നു പോകുന്നു കരിനിഴല്‍ പാകിടാന്‍ ...
കാറ്റിലൊരു തേങ്ങല്‍ വെറുതേ മാടിവിളിച്ചു,
ഈ പാതിരാവിലെന്തോ പാടിടാന്‍:....

"സ്നേഹ ലോലമാ" ശൈശവമെന്നത് പോയ്‌,
കൂടെ കളിക്കാന്‍ കാത്തില്ല ബാല്യവും
തുറന്നിട്ടു യൌവന ജാലകം പിന്നേയും
വന്നില്ല സഖിയും ഒരു സ്വപ്നവും.....

പിന്നെയെന്തു തന്നൂ കാലം സമ്മാനമായി?
"ബന്ധങ്ങളും കൂടെ ബന്ധനങ്ങളും
ബന്ധങ്ങള്‍ വിടപറഞ്ഞു പിരിഞ്ഞു വഴിയില്‍,
ബന്ധനസ്ഥനായി ഞാന്‍ ഏഴേഴു ജന്മവും...."

ബന്ധനത്തില്‍ സംതൃപ്തി തേടിയൊടുവിലെന്‍
കണ്ണുകള്‍ കാറ്റിലുമശ്രു പൊഴിക്കുകില്ല.
കാലം തന്ന ഈ മുറിവുകള്‍ വേഗമുണക്കേണം
നിസ്സഹായനെങ്കിലും കുറെ പ്രതീക്ഷയുണ്ട്...

Thursday, August 19, 2010

ഹര്‍ത്താല്‍

അതിരുകടന്നു വരുമൊരു
ആത്മസമര്‍പ്പണം,
അതിഥികള്‍ തല്‍കാലം
അടങ്ങിയിരിക്കണം.
അത്യാവശ്യമാണോ എന്നൊന്നും
അറിയേണ്ടതില്ല,
ആരു നടത്തുന്നു എന്നത്
ആരായേണ്ടതില്ല.
ആവലാതികള്‍ ഉണ്ടെങ്കില്‍
അറിയിക്കേണ്ടതില്ല,
അപേക്ഷകള്‍ നല്കിയിന്നു
ആശങ്കപ്പെടേണ്ടതില്ല.
ആത്മനൊമ്പരം വന്നാല്‍
അനുഭവിക്കണം,
അടിപൊളിയാക്കാന്‍ വെറുതെ
ആര്‍ത്തു വിളിക്കണം.
അനുകരിച്ചു നിന്നാല്‍
അന്തസ്സോടെ പോകാം,
ആക്ഷേപിച്ചു, കെട്ടിയവളെ
അഗതിയുമാക്കാം.....

Monday, August 16, 2010

വാക്ക്

വാക്കുകള്‍ക്കു വകതിരിവില്ലാതെ
വികാരം വിങ്ങിപോട്ടുമ്പോള്‍
വിളിച്ചു പറവതെല്ലാമേ
അവ്യക്ത ബിംബങ്ങള്‍:!

കുറിക്കു കൊണ്ടിടാനെങ്കിലോ
കുറിച്ച് വെച്ചിടാമെല്ലാം
നിനച്ചിടാതെ കണ്ടതാല്‍
നിശ്ചയമില്ല!

മിഴികള്‍ വിങ്ങിയൊലിക്കുമ്പോള്‍
മനോധര്‍മ്മം വിദൂരതയില്‍...
ഉയര്‍ന്നു പിന്നെ വരുവതോ
ഉലഞ്ഞ വാക്കുകള്‍:!

അടര്‍ന്നു വീണിടും അഭിമാനവും
കുലച്ചു നില്പും വിചാരവും
അറിയാതെ മേളിപ്പതോ
എന്തു ദുഷ്കരം!

പടയെടുത്തിടാനെങ്കില്‍: പറയാതെയാവാം
പച്ചക്കൊടിയിന്നു വീശേണ്ടതില്ല...
പുതുമണമില്ല പാടുന്ന പാട്ടിനു
പുതുതായിയൊന്നും പറയുന്നുമില്ല!

Monday, August 9, 2010

നര(ക) വേദനയില്‍

കൂരിരുള്‍ പാട്ടുകള്‍ കുരുങ്ങി കിടക്കുമൊരു
കാലത്തിന്‍ കോമരമീ മര്‍ത്യ ജന്മം....
കാലത്തിന്‍ കുത്തെഴുത്ത് കണ്ടറിഞ്ഞതിലോ
വിരഹവും വേദനയും ചിറകടിച്ചിരുന്നു....

ഏങ്ങികരഞ്ഞു തളര്‍ന്നു വീണിട്ടുമിന്നും
ഏന്തി നിര്‍ത്തിടാന്‍: കൈയൊന്നും ഇല്ലയെങ്ങും....
സങ്കടം പിന്നെ ചിരിച്ചു കിതച്ചു തിമിര്‍ത്തപ്പോള്‍:
"ഭ്രാന്തെനെന്നു" കരുതിയെന്നെ നാല്‍ചുവരിലാക്കി....

വെയിലെന്തു മഴയെന്ത്; കാറ്റെന്തു കഥയെന്ത്,
കാവല്‍ കാത്തിടാന്‍ കാവലാളികള്‍ ഏറെയുണ്ട്....
ചങ്ങലക്കിട്ടവന്‍, ചഞ്ചലം കേട്ടിടാതെ പോയപ്പോള്‍
നാല്‍ചുവരുകള്‍ വികാരത്തിന്‍: പ്രഭവകേന്ദ്രം....

ഇന്ന് നരവേദനയില്‍ ശേഷിച്ച ജീവിതം തന്നതോ
നിശബ്ദതയുടെ നിഴല്‍പ്പാടും നരകവേദനയും....
"ഇടത്തോട്ട് തലവെട്ടി പറഞ്ഞു ഇവനിതെല്ലാം
ഈ ഇടയന്റെ കണ്ണുനീര്‍ ഇറ്റുവീണു...."

Monday, August 2, 2010

ഇനിയൊരു നാള്‍!

മെല്ലെ പാടൂ, ഇളം കൊന്ന പൂവേ
ആരോ നിന്നെ തേടി വന്നുവോ...
പുലരെ വീഴുമാ മഞ്ഞുതുള്ളിയോ
മിന്നാമിന്നി ശലഭ കൂട്ടമല്ലയോ...

പറയാന്‍... കരുതിയ
കനവുകള്‍ ഏറെയോ..
മനസ്സിന്‍... സാനുവിലതു
കുളിര്‍ ചൊരിയുമോ..
ജീവഭാവങ്ങള്‍ ആദിയുഷസ്സില്‍
ഉണരവേ, അതിനിന്നു
ലോല ഭാവങ്ങള്‍ ആനന്ദം
വെറുതെ പകരുമോ...

വിധിച്ചിട്ട താരകം
അകലെയോ അരുകിലോ..
മെല്ലെയൊന്നു കാണുവാന്‍
കളകളം പാടുമോ..
ഒരു ചിരിപോലും
പാട്ടായിയുയരുമെങ്കില്‍
നിന്‍ പൂമുഖമതിനായി
മെല്ലെയൊന്നു വിടരുമോ...

മഴപാട്ട് പാടിടാന്‍:
മനം മറന്നുപോയൊ..
മാനം കണ്ടിടാതെ പോയോ
ആരും നിന്നിടാതെ പോയോ..
പുഞ്ചിരി പാട്ടായി,
പനിനീര്‍ മഴയായിയൊഴുകി വരും
ഓടിയെത്തുവാന്‍ ഓമനിക്കുവാന്‍
വരുമോ ബാല്യം ഇനിയൊരു നാള്‍!