Monday, March 21, 2011

പിച്ചക പെണ്ണിന്

പാതി വിരിഞ്ഞു നില്‍കുന്ന പിച്ചകപെണ്ണേ,
നിനക്ക് പഞ്ചമി തിങ്കളോട് എന്ത് പ്രേമം?
കിഴക്കനെ കണ്ടപാതിയൊടുവില്‍ പാഞ്ഞങ്ങ്-
ഉടമാറി താരിളം തെന്നലായി വന്നിടുന്നോ?

കാറ്റിലൊഴുക്കി നിശ്വാസം, കേട്ട് നീ-
വന്നോടിയോളിച്ചു വള്ളിക്കിടയിലും,
അത് കാണാതെ അവനും പരതി,
അങ്ങോളമിങ്ങോളം ഏതോ ചാഞ്ചാട്ടം!

ചേലുള്ള ചെക്കനെ കണ്ടിട്ട് പിന്നെ
നീ നിന്‍ ശീല മറച്ചു,
പൂക്കുന്നതും മറന്നിവിടെ വെറുതെ
കണ്‍പൊത്തി നിന്നിടുന്നൂ.

ചാരി വളരൂ മുകള്‍ നോക്കിയിനി,
പൌര്‍ണമി വരാന്‍ നാള്‍ പതിനഞ്ചു മാത്രം
പൂക്കള്‍ വിരിയട്ടെ, നല്ല പുടവ ചൂടു,
പൂവിളി പാടാന്‍ പച്ചകിളിയേ നീ എവിടെ?

Monday, March 14, 2011

ശ്രീരാഗമായ്

ഓമല്‍ കുരുന്നിനെ അണിയിച്ചൊരിക്കിടാന്‍
ഓമനപൊന്‍ പാവട,
ഓലപീപ്പിയും വേണം ഊതികളിച്ചിടാന്‍
ഓരോന്ന് കൊണ്ടുതായോ!

കൈയേല്‍ അണിയാനായ് കരിവള നാലും
ഈരണ്ടു കങ്കണവും
കിങ്ങിണി കിലി കിലി സ്വനം മുഴക്കിടാന്‍
പൊന്നിന്‍ പാദസ്വരം.

കണ്മണി കണ്ണുകള്‍ കോറി വരച്ചിടാന്‍
കണ്മഷിയൊന്നുവേണം
കണ്ടനാള്‍ മുതല്‍ക്കു കാത്തു വെച്ചിടാന്‍
കരുതേണം കുഞാടയും.

പാരില്‍ പിറന്നൊരുനാള്‍ പാറി പറന്നിടാന്‍
പാട്ടൊന്നു പാടിടേണം
പാട്ടില്‍ മയങ്ങിയവള്‍ താനേയുറങ്ങും
നീ പറയാതെ നീങ്ങിടേണം.

അമ്മയ്ക്കൊരമ്പിളിയായ് തെളിഞ്ഞു നില്‍ക്കുമവള്‍
അച്ഛനു ശ്രീരാഗമായ്,
പിച്ചക പൂമൊട്ട് വിരിഞ്ഞു വരുമ്പോളിത്
പാടാനായ് കരുതേണമെന്‍ പ്രിയരേ!

Monday, March 7, 2011

ആത്മസ്വരം

പൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കുണ്ട്
ഏതോ സ്വരം,
പാറകള്‍ തന്‍ നെഞ്ചിലുമുണ്ടൊരു
നീര്‍ക്കണം.
അര്‍ക്കന്റെ രശ്മികള്‍ ആടിയുല്ലസിച്ചു
അന്തര ചിത്രം
ഒഴുകുന്ന പാല്‍പ്പുഴകള്‍ക്കുമുണ്ട്
ബഹുവേഷം!

പ്രകൃതി മനോഹരിയെ പാടിയുറക്കാന്‍
പറവകളായിരം
കന്യാവസന്തം, കൌതുകം കണ്ടു മൊട്ടുക്കള്‍
പാതി വിരിഞ്ഞു നിന്നു.
പൂമര ചില്ലയില്‍ അണ്ണാറകണ്ണനും, വടക്കോട്ട്‌
വീശി വഴികാട്ടിടുന്നൂ,
വിണ്ണിന്‍ മുകള്‍തട്ടില്‍ വിരിഞ്ഞു നിന്നവന്‍
എങ്ങോ ധൃതിപെട്ടു നീങ്ങിടുന്നു!

കുടചൂടി നില്‍കുന്ന കൂറ്റന്റെ ഇടയില്‍
വട്ടയും മരോട്ടിയും,
ചെത്തിയും ചോലയില്‍ ചെന്താമരയും
ചേലുള്ളതാക്കി നിറഞ്ഞുനിന്നു.
പിന്നെയുമുണ്ട് കരിമരുതും ഇരുള്‍ മരവും
ചീനിയും മഞ്ഞളി പൂഖവും
ചാഞ്ഞുനിന്നു വീശുന്ന അരയാലുമെത്ര
ആരവമിങ്ങു മുഴക്കിടുന്നൂ!

നിജനമായ ഈ വഴികളിലെങ്ങും കാടിന്‍
സ്വജനങ്ങളേറെയും
സ്വതന്ത്രരായി വാഴ്ന്നു വളര്‍ന്നിടുന്നു.
പടര്‍ന്നു പന്തലിച്ച
പാഴ്വള്ളികളൊക്കെയും പാറകള്‍ക്ക്
പച്ചപ്പ്‌ പാകിടുന്നൂ.
കമനീയചിത്രമിത്, പാരില്‍ സ്വര്‍ഗമെന്ന
ഗീതമുച്ചത്തില്‍ പാടിടുന്നൂ!

ഇത് കണ്ടിട്ടും കേട്ടിട്ടും, പോയ്‌വരാന്‍
പറഞ്ഞാലും
മനം കൂട്ടാതെ വീണ്ടുമവിടെ പരതി നിന്നു.
മനസ്സിന്‍ മറുവശം ചോലതന്‍ സംഗീതം
ശ്രുതി മീട്ടി,
ശിരോനാഡികളിലൊക്കെയും ഇന്നൊഴുകുന്നതോ,
ആ ആരണ്യ ഭൂമിതന്‍ ആത്മസ്വരം!

Wednesday, March 2, 2011

സ്പന്ദനം

സൂര്യോദയം സുനിമിഷം
സുപ്രഭാത നൃത്തം, സുന്ദര ചിത്രം
സ്വപ്ന വിസ്താരം സ്നേഹ മര്‍മ്മരം
സംഭവബഹുലം സംസ്കാര സത്വം!
സാരോപദേശം സുഖം സഫലം
സല്ലാപമുയരാന്‍ സംശുദ്ധ ഭാഷ്യം
സംസര്‍ഗ സീമയില്‍ സര്‍വ്വജ്ഞാനം
സംശയ നിവാരണം സര്‍വ്വഗുണം
സ്വാഭിമാനം സവിശേഷവിസ്മയം
സജ്ജന സമ്പര്‍ക്കം സൌഭാഗ്യ കൃത്യം
സുവര്‍ണ്ണം സൂക്ഷിപ്പൂ സമയം സാക്ഷിപത്രം
സാധ്യമാകേണം സന്മാര്‍ഗഗീത തന്‍
സമന്വയഗീതവും സര്‍ഗസംഗീതവും!
സായം സൂര്യന്‍ സാഗരം നീങ്ങുമിന്ന്
സ്മരണകള്‍ തരുമീ സ്പന്ദനം എത്ര സായൂജ്യം!