Monday, October 25, 2010

വീക്ഷണം

ആശയില്‍ തുടങ്ങിയൊടുവില്‍
നിരാശയില്‍ വന്നണയും
ജീവിതമിന്നേതോ വഴിയില്‍ പാറി...

പരിഷ്കാരം പരിധിക്കപ്പുറം കടന്നു,
പ്രവൃത്തിയുമതിന്‍ പ്രയോഗവും
ബന്ധം, കാല്‍പ്പന്തായ് മാറ്റിയൊടുവില്‍...

പൂഴ്ത്തി വെച്ചീടുമീ സ്നേഹമിന്നു-
എന്തിനു നീ മര്‍ത്യാ,
എത്രകാലം നാം ഭൂവിലലയാന്‍....?

വേര്‍പ്പെട്ടു പോയിട്ട് പിന്നെ
വിതുമ്പി നിന്നിടാന്‍,
വിസ്മരിച്ചീടില്ല എങ്ങുമാരുമേ...

അളവറ്റ സ്നേഹവുമാട്ടവും പാട്ടവും
അറിഞ്ഞു കൊണ്ടേയൊടുവില്‍
എന്തിനു വേഗമന്യമായി..?

കൂടൊന്നു കൂട്ടിയൊടുവിലെന്നും
കൂടിവരുമാ ഇമ്പവും
ശൂന്യത കണ്ടു കൂടാതെ നിന്നുപോയ്...

ലക്ഷണം; നാശത്തിന്‍ ദീര്‍ഘ വീക്ഷണം,
അറിഞ്ഞതാല്‍ പിന്നെ
നീട്ടി നിവര്‍ത്തിടാന്‍ നിവൃത്തിയില്ല...

കരകയറാനാകുമോ പറയൂ കൂട്ടരേ,
കടമെടുത്തെങ്കിലും
സ്നേഹം പകരാം ഇനി ശിഷ്ടകാലം....!

Monday, October 11, 2010

ബന്ധം

അനുവാദമറിയാതെ പോയ്‌
ആത്മനൊമ്പരമായി...
അസാധ്യമെങ്കിലുമൊടുവില്‍
അവതരണ മുഹൂര്‍ത്തമായി!

മറിച്ചൊന്നും പറയാതെ
മടിയൊന്നും കൂടാതെ,
മനകയറി നിന്നവള്‍
മാനമൊന്നു കാത്തിടാന്‍...

മുറ്റത്തെ മുല്ലയെന്നതാല്‍
മണമെങ്ങുമെത്തുകില്ല,
മഴയില്‍ കുതിര്‍ന്നതാല്‍
മിഴിനീര്‍ക്കണം അറിഞ്ഞതില്ല...

മുഷിപ്പൊന്നു വരുത്തിടാന്‍
വഴിയേതുമില്ലിവള്‍ക്ക്,
മാറ്റങ്ങള്‍... വഴിത്താരകള്‍
കണ്ടു മനം മടുത്തുപോയ്‌!

പാടെ മറന്നുപോയ്‌ പണ്ടു
പറഞ്ഞ സ്വയവാദങ്ങള്‍,
ഓര്‍ത്തു വീണ്ടുമെടുത്താലോ
നഷ്ട സ്വപ്‌നങ്ങള്‍ മാത്രമേ...

മനമറിയാതെ അന്നിവളെ
പറിച്ചങ്ങു നട്ടതാല്‍
പലദിനം പണിപ്പെട്ടു,
പരിണിത ഫലമൊന്നുമില്ല!

ബന്ധിച്ചു വരുത്തിക്കൂട്ടിയ
നിലപാടുകളോരോന്നും,
ബന്ധമുടച്ചു വിടചൊല്ലി
മറ്റൊന്നും മൊഴിയാതെ പോയ്‌...

വീണുടഞ്ഞു പോയൊരു
വീണതന്‍ കുടംപോലെ,
നികത്തിടാതെ പോകുന്നു
ഇന്നുമിതെങ്ങോ നീറി നീറി...!

Monday, October 4, 2010

പുകവണ്ടി

വായിലൊരു പുകവണ്ടി കൂകി വിളിച്ച്
സദാ... വായുവിലേക്കു പുക ഉയര്‍ന്നിടുന്നൂ...
വട്ടത്തിലൊരു വിസ്മയം വാകൊണ്ടു,
വിതച്ചിടാന്‍ വായ്പയെടുത്തൊന്നു വാങ്ങിടേണം....

വികാരം വലിച്ചു നീട്ടി പുകച്ചു തള്ളിടാന്‍
വിശ്വമെങ്ങും വിഭാവനം ചെയ്ത വിധിയിത്...
വരുത്തി വയ്ക്കുന്ന വിനകള്‍, എന്ത് വിപരീതം!
വിസ്മരിച്ചീടുന്നിവര്‍ വീടുമാക്കുടിയും, പരിതാപം!

ഈ ധാരവിസ്മയം കണ്ടു മടുത്തു പോയ്‌,
മാറുന്ന കാലവും, കൂടെയെന്നും മറയുന്ന മനുഷ്യനും...
വര്‍ഗ്ഗ വാസനയിന്‍ കോലാഹലങ്ങള്‍‍ക്കൊടുവില്‍
കുമ്പിട്ടു...കുരവയിട്ടു...കണ്ണടച്ച് നിന്നുപോയ്....

പുകച്ചു പെട്ടെന്ന് പുതുലോകം പൂകിടാന്‍
പുകയിലേക്കവനെ ഹോമിച്ചു നല്കിയൊടുവില്‍...
പൂക്കളിറുത്തു കെട്ടിയോള്‍, പുര പൊളിച്ചു,
പൂരപ്പറമ്പിലേയ്ക്ക് നടന്നൊടുവില്‍, വിരസാനുഭൂതിയില്‍....