Monday, June 28, 2010

വിട പറയുമ്പോള്‍...

വിട പറഞ്ഞു നീയിന്നു ഈ ലോകം വെടിയുമ്പോള്‍
വ്യഥകള്‍ ഏറെയും തന്നു നീ യാത്രയായി...

അടയാതെ നില്‍ക്കുമാ മിഴികള്‍ ഞാന്‍ അടക്കുമ്പോള്‍
അറിയാതെന്‍ കവിളില്‍ കണ്ണുനീര്‍ ഒഴുകി...

പിന്നെയെല്ലാം നടന്നതോ വെറും ശൂന്യത മാത്രം
നിലവിളി, തേങ്ങലുകള്‍ എല്ലാം തളം കെട്ടി നിന്നു...

നിലവിളി കേട്ടു പതറി വന്നു, അയല്‍വാസികള്‍
യാതൊന്നും തിരിയാതെ തിണ്ണയില്‍ വന്നു നിന്നു...

പാതിരാവിന്നുടമയിന്നു പൌര്‍ണമി തിങ്കളായി
പാരെങ്ങും പാല്‍വര്‍ണ്ണം നല്‍കി വന്നു...

ഒടുങ്ങാതെ പോയ ഈ രോദനം കേട്ടത് കൊണ്ടാകാം
വന്ന വഴി നോക്കി തിരികെ യാത്രയായി...

കൈകാലുകള്‍ കൂട്ടിവെച്ചുകെട്ടിയിന്നാരോ
തെക്കോട്ട്‌ നോക്കി തല വെച്ചു കിടത്തി...

ചുറ്റിലൊന്നു മഞ്ഞള്‍ വാരി വിതറി പിന്നെ
ഹരിനാമ കീര്‍ത്തനം ചൊല്ലി നിന്നു...

പാതിരാ വെളിച്ചമിന്നു പണി കഴിഞ്ഞു നീങ്ങുമ്പോഴാ
പുലരി വെളുത്തു വിശ്വദീപം കൊളുത്തി...

അറിയാതെ പോയവര്‍ ആരാരോ പറഞ്ഞിന്നു
ആ മുഖം കാണാനായി പാഞ്ഞു വന്നു...

"നേരെമേറെ കഴിഞ്ഞു" പറഞ്ഞു എന്‍ ബന്ധുമിത്രങ്ങള്‍:
കാത്തു വെച്ചിട്ടിനി കാര്യമുണ്ടോ?

പള്ളിനീരാട്ടു കഴിഞ്ഞു പല്ലക്കിലേറ്റി കൊണ്ടുപോയി
പടി കടന്നു പോയി അവനിന്നു പറയാതെ തന്നെ...

Friday, June 25, 2010

അനുരാഗം

അനുരാഗം പൂമൊട്ടുപോലെ
അതിന്നറിയാതെ പൂവണിയുമ്പോള്‍
അതിലൊരു പൂവിതള്‍ എനിക്കു തന്നോ
നീ..... എനിക്ക് തന്നോ?


കാണാതൊരു കണിമലമേലെ
കണികൊന്ന പൂത്തതു പോലെ
അന്നെന്‍ കവിളില്‍ വിരിഞ്ഞ പൂക്കള്‍
കണ്ടു നിന്നോ? നീ കാത്തു നിന്നോ?


നിന്‍ മനസ്സില്‍ ഒരു തൂവെള്ളി മഴയായി
കഥ തുടരാന്‍ കനവുകള്‍ ഏറെ
ഈ ഉഷസന്ധ്യയില്‍ നീ കൂടെ വരുമെന്നാല്‍
കാത്തു നില്‍ക്കാം എന്‍ മോഹങ്ങള്‍ നിനക്കായ് കാത്തു വെയ്ക്കാം...

Wednesday, June 16, 2010

"ക" വിത

കണ്ണടച്ചു നിന്നാല്‍
കണ്ണുനീര്‍ ഒഴുക്കു നിന്നീടുമോ
കാഴ്ചയില്ലാത്തവന്‍:
കരയാതെ നോക്കി കണ്ടവരുണ്ടോ?
കരയാതെ പോയതാര്?
കാഞ്ഞുനില്‍ക്കുമാ കതിരു പോലും കരഞ്ഞ നാളുണ്ട്.
കനല്‍കാറ്റ് വീശിയോ?
കഥനകഥ കേള്‍ക്കാതെ ആരോ വഴിമാറി പോയോ?
കാലപരിധി കഴിഞ്ഞതാര്‍ക്ക്?
കാലഹരണപെട്ട ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ക്ക്.
കാലം മായിക്കാതതെന്ത്?
കാത്തു വെയ്ക്കാന്‍ കഴിയും നല്ല ഓര്‍മ്മകള്‍ മാത്രം
കാത്തു നില്‍കേണ്ടത് ആര്‍ക്കുവേണ്ടി?
കാലം കരുതി വെച്ച നിന്റെ കന്യക്ക് വേണ്ടി
കാണാതെ പോകേണ്ടതെന്ത്?
കണ്ടവര്‍ പറയുന്ന കുത്തുവാക്കുകള്‍
കണ്ടു വളരെണ്ടാതോ?
കഠിനാധ്വനവും കളങ്കമില്ലാ സ്വപ്നവും.
കടപ്പാട് വേണ്ടത്
കര്‍മഭൂമിക്കും കാത്തീടുമാ ആ ദിവ്യ ശക്തിക്കും

Thursday, June 10, 2010

മതി വരാതെ.....

മലയാള പൂവേ, മണിമേഘ നിലാവേ,
മനസ്സു തുറന്നു നീ പാടുകില്ലേ?
ഒരു മാമ്പൂകാലമെന്‍ മനസ്സില്‍
തരാമോ? മറുവാക്കൊന്നും ചൊല്ലിടാതെ...

മധുരമീ ജീവിതം, ആരും എഴുതാതെ പോയ
മതി വരാത്തൊരു മധുരസ്വപ്നം.
മനസ്സിന്‍ മണിമുറ്റത്തൊരു കളിയാട്ടം കണ്ടിടാന്‍
മാടി വിളിക്കുന്നോ, ഇന്നിണപക്ഷികള്‍:?

പടിഞ്ഞാറുദിച്ചൊരാ മേഘചാപം കണ്ടു
മതിമറന്നു നില്‍ക്കുകയോ നീ കിനാവിലെന്നപോലെ,
മനസിലുയരുമീ മായാസ്വപ്നങ്ങള്‍ ഓര്‍ത്തു
മറന്നിടാതെയൊന്നും എന്‍ മാന്‍കിടാവേ..........

Monday, June 7, 2010

പശ്ചാതാപം ഒരു പരിഹാരമോ?

ഒരു കാലമത്രെയും ചെയ്ത
നല്‍ചെയ്തികള്‍ എല്ലാമിന്നു
കാറ്റില്‍ പറത്തിയിവനൊരു
വീരസാഹസ കഥ മെനഞ്ഞു
വാക്കുകള്‍ കൊണ്ടു ഇവിടമൊരു
കുരുക്ഷേത്രമാക്കി, ഒടുവില്‍
"ഒരു വാക്കു" കൊണ്ടെല്ലാം
മറക്കാന്‍ അപേക്ഷിച്ചിടുന്നു!


വാരി വിതറിയ കോപക്രാന്തികള്‍:
വഴിചിഴച്ചത് എന്‍ ആശയും
അടങ്ങാത്ത ചില മോഹമും
അതോ ഇന്നു ഗതിയില്ലാതെ
എവിടെയോ ഒഴുകി നടന്നിടുന്നു
നൂല്‍ബന്ധം വിട്ടുപോയി....


ചെയ്തതത്രെയും മറന്നുവോ ഇന്നു നിന്‍:
"പശ്ചാതാപം ഒരു പരിഹാര മാര്‍ഗ്ഗമോ?"
എങ്കില്‍ കണ്ണീരില്‍: കുതിര്‍ത്തു പോയ്‌
ആരും കാണാതെ പോകുന്ന എന്‍ മനം,
അതിന്‍ ഉള്ളില്‍ പിടയുന്ന ആ വേദനയിന്‍
പൊരുളും, പ്രിയനേ നീ തന്നെ ചൊല്‍ക!

Tuesday, June 1, 2010

പെയ്യാന്‍ മറന്നുവോ?

പതിനാറു തിങ്കള്‍ കഴിഞ്ഞുപോയി
പതിവിലേറെ വേനല്‍ കനിഞ്ഞുപോയി
പതിറ്റാണ്ടുകള്‍ പതിവു മുടക്കാതെ വരും
ആ വേനല്‍ മഴയിന്നു പെയ്യാന്‍ മറന്നുവോ?


തണല്‍ മരങ്ങള്‍ ഇല കൊഴിഞ്ഞു
നില്‍ക്കുകയായി.....
തണ്ണീര്‍ തടാകങ്ങളിന്നു തായ്‌മണല്‍
ഭൂമിയായി വേനലില്‍:
താനേ ഒഴുക്ക് നിലച്ചുപോയി
കണ്ണാടി പുഴകളെവിടെയും
നിറഞ്ഞൊഴുകുന്ന ചാലുകളെല്ലാം
കണ്ടാ നാള്‍ മറന്നുപോയി.....


പച്ചില, പൂമരം, പുതുമണമെന്നും
ചുറ്റി നില്‍ക്കുമാ സഹ്യനു
മരതക മാല കോര്‍ത്ത്‌ നല്‍കിയൊരു
നാടാണോയിതെന്നോര്‍ക്കണം.....
നെല്‍മണി കതിരുകള്‍ പട്ടു ചുറ്റി
നില്‍ക്കുമാ പാടത്തു
കൊയ്ത്തുപോകും ആ കാഴ്ചകള്‍
ഇന്നെവിടെയോ.....?


അറിയാതെ നാം ചെയ്ത വികൃതികള്‍ ഏറെയും
അറിഞ്ഞു ചെയ്യും കുറെ പ്രവൃത്തികള്‍ കൂടെയും
പ്രതിഫലം തരുമീ പ്രകൃതിയും ഈ തോതില്‍:
"മരണത്തെ ഇന്നു നാം മാടിവിളിക്കുന്നുവോ?"