Monday, July 25, 2011

ഇല

അവന്‍ പോയി,
വിദൂരതയില്‍ കാവ്യനിഴല്‍ തേടിയൊരുനാള്‍,
പറയാതെ തിരിച്ചു പോയി.

പൂവ് കാണാതെ,
പുതു പുഞ്ചിരി കാണാതെ,
പൂപ്പൊലിക്ക് വന്ന ശലഭമറിയാതെ.

തീയില്‍ ദഹിച്ചതിനാലോ,
നീരിനോട് ഇന്നവന് വല്ലാതൊരാസക്തി!
'ഈ' ഭൂമിയില്‍ പുഴകളെങ്ങോ?

എങ്കിലുമാ നടപ്പില്‍ കഴപ്പില്ല,
ഇടത്തേ കൈവീശിയാഞ്ഞു നടന്നു,
പിന്‍വിളി കേള്‍ക്കാനൊട്ടുമേ കൊതിച്ചിടാതെ.

കാല്‍ ചെന്നവഴി നോക്കിയവന്‍,
കടന്നു ചെന്നു,
കാലാനുഭവം കണ്ണില്‍ തെല്ലൊന്ന് കൊണ്ടുമില്ല.

കടലോളം കിനാവുകളില്ല,
കാല്‍ വയറോ, അര വയറോ കൊറിച്ചാല്‍ നന്ന്.
കുടിക്കാന്‍ എന്തും!

തെന്നിയൊഴുകും നീല മേഘങ്ങളേ, നീര്‍തടങ്ങളേ,
തീര്‍ത്ഥരസം തൂകാതെ
നിങ്ങള്‍ മായുവതെന്തേ?

വ്രണങ്ങള്‍ക്കായ് വലിച്ചുകെട്ടിയ,
പഴന്തുണിക്കിടയിലും അവന്‍ വേദനയ്ക്കൊളിക്കാന്‍,
ഒരിടമില്ല...

ഈ വഴികളിലോ,
പൊട്ടമണല്‍, അതിലും ഒളിഞ്ഞിരിക്കും ഗര്‍ത്തങ്ങള്‍.
കാലുകള്‍ക്കും നല്ല കാഴ്ച വേണം.

കാലം പറഞ്ഞതുപോലെ,
ഈ കഥ തുടരും
കരമാറിയാലും അതിന്‍ കാര്യമതേപോല്‍.

കിളിര്‍ത്തു വന്നിടും തളിരിലയ്ക്കു മുമ്പേയിന്നു,
പഴുത്തു വീഴാനൊരില!
പറഞ്ഞു വെച്ചുതിരും പോലെ...

അവന്‍ പോയി ,
പുതു പുഞ്ചിരി കാണാതെ,
പിന്‍വിളി കേട്ടും, നില്‍ക്കാന്‍ കൊതിച്ചിടാതെ.

Monday, July 18, 2011

നിശബ്ദത

ഇതുമൊരുറക്കം
കിനാവുകളില്ലാതെയൊഴുകും
നീണ്ട മയക്കം.

നിലാവുമില്ല
നീലമേഘം നിറയെ നിന്നുമിന്നുമാ-
-പൂന്താരകമില്ല.

കാറ്റൊഴുക്കിന്‍ കൂടെ,
പുതു കവിത ചൊല്ലിടാനാരും
കൂട്ടിരിപ്പില്ല.

കൊതി തീര്‍ക്കാന്‍,
നിശയുടെ രാവേറെ നീളുമാ നടനമില്ല.
നിശബ്ദതയുടെ പാടുകള്‍!!

നിര്‍വൃതിയില്ല,
നീരവമൊഴുകും ആ നീര്‍പ്പുഴകള്‍.
നിശ്ചലമായ നീര്‍വഞ്ചികള്‍!

പച്ചപ്പില്ല,
പൈങ്കിളിക്കു നല്‍കാന്‍ പൂക്കളില്ല.
തളിരിടാതെ വസന്തം!

കാമിനിയില്ല,
ഇന്നെന്‍ വഴികളില്‍ വരാനായ്‌,
കാരണമില്ല.

ഭാഷയില്ലിവിടം,
ജീവിത വഴിയിലെ വേഷമില്ല,
അതിനും സ്വസ്തി!

സ്വരം മുറിഞ്ഞു;
താളലയമില്ലാതെയൊഴുകും
ഇതെന്നഴല്‍ ഗീതം.

ഇനിയെന്നോര്‍മ്മ ആര്‍ക്കു സ്വന്തം?

Tuesday, July 12, 2011

മൃതി സന്നിധിതേടി

മറന്നു എന്നെയിന്നേവരും...!

പൊട്ടിവലിച്ചിട്ടു വിണ്ടുക്കിടക്കും
ഈ പൂഴിമണ്ണില്‍
ഞാന്‍ പണ്ട് പാര്‍ത്തിരുന്നു.
പൌര്‍ണമി, പകലോട് മൂളിയും
പൈങ്കിളി, നിഴല്‍ കണ്ടു പാടിയും
പൂര്‍ണ്ണശ്രീയിലിവിടമെന്നും
പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു.

പാട്ടൊന്നു പാടി, ആര്‍ത്തുവിളിച്ചിടും
പൈതലിന്‍ പുതുമ,
അന്നു പുലരിക്കു സ്വന്തം
കേട്ടപാടെ കൂട്ടിനായ്
കൂടെ വന്നാടിയ
കളരി നടയിലെ കാറ്റ്,
അന്നെന്‍ കളിക്കൂട്ടുകാരന്‍.
ആ കൊഞ്ചലില്‍ വിയര്‍പ്പുമുട്ടി
അതിനായ് ഞാനെന്നും
കുളിച്ചു തോര്‍ത്തി.

പക്ഷേ.. നീ സ്വാര്‍ത്ഥന്‍...!

അന്നേതോ മോഹവുമായി
നീയെന്‍ വഴിയില്‍ വന്നു.
എന്റെ ഉടുതുണിയുരിഞ്ഞു,
നിഴല്‍കുടയങ്ങുമാറ്റി,
വെട്ടിയിട്ടു വെയില്‍ പെടാന്‍
ദൂരെ വച്ച് നീക്കി.
ഇന്നിവിടം വെറും പൂഴിഗന്ധം,
കൂടെ പെരുത്തുഷ്ണവും
റോന്തു ചുറ്റി നിന്നിടാന്‍ കാറ്റുമില്ല.

പരന്റെ ദുഃഖം പണ്ടേ മറന്ന നിന്‍ -
ചിന്തയില്‍ അന്നെന്‍ പന്തികേട്
ഒട്ടുമേ കൊണ്ടതില്ല.
സര്‍വ്വം ത്വജിച്ച് നിലമ്പതിച്ചു.
അന്ന്‌ ഞാനൊഴുക്കിയ കണ്ണുനീരിലും
നിന്‍ വഞ്ചനക്കായ് വികാരമില്ല.

യാത്രയായൊടുവില്‍ മൃതി സന്നിധിതേടി
ഞാനിനി കാത്തിരിക്കാം നിനക്കായ്‌
നീയുമെന്‍ വഴിവരും,
ഇന്നോ നാളെയോ
അതു തീര്‍ച്ച...!!!

Tuesday, July 5, 2011

നിലാവേ

നീ വരൂ നിലാവേ,
വെറുതേ ഈ വഴിയേ
നിന്‍ നീണ്ട രാവുകളിനിയും
പൊഴിയുമോ പുതു സ്വരം?

കാറ്റിന്‍ സ്വരമധുരം
ഇന്നൊഴുകിയൊടുവില്‍
തളമെങ്ങും പുതുചിത്രം
ഇലകളിലോ ഹിമകവചം

മധുര സ്വപ്നമിന്നു പുല്‍കി,
മണിചിലങ്കകള്‍ക്കെട്ടി,
പുതു പൊലിവോടെ,
നിറവോടെ, മാനം കാത്തുനില്‍പ്പൂ !

മധുകണം നിറഞ്ഞു,
നിന്നെ കാണാനായ്,
മലര്‍ക്കൊടികള്‍ പിറന്നു.
മോഹത്താല്‍ ഏതോ മന്ദസ്മിതം.

മഴചാര്‍ത്തു മാറ്റി, പുതു മേഘം
മഞ്ഞിന്‍ ചെറു മര്‍മ്മരം,
മയങ്ങാനൊഴുകുമീ വേളയില്‍
ഒരു മോഹസ്വപ്നമായ് നീയുയരൂ.

പൂമൊട്ടായ് വിരിഞ്ഞു വാ,
പൊയ്കയില്‍ കുളിച്ചിടാം,
പൂപ്പാട്ടുപാടിടാം പൊന്‍ നിലാവേ,
വന്നണയൂ... വെറുതേ നിന്നൊഴുകൂ...!