Tuesday, February 22, 2011

കൈരളി

മേടുകളും താഴ്വരയും
താഴമ്പൂവിതളും
തണ്ണീരില്‍ താനേ വിരിയും
താമര മലരുകളും
പൊന്‍ പുലരിയില്‍ തേടുവതാരെ,
തെക്കന്‍ കുളിരിനേയോ?
കിനാവ്‌ കണ്ടിന്നു നിദ്രയിലാഴ്ന്ന-
തങ്കനിലാവിനെയോ?

വായ്പ്പാട്ടില്‍ ഘോഷിതരായ്
കുഞ്ഞാറ്റകിളികള്‍,
വിളിപ്പാടകലെ വളപ്പൊട്ടുമായി
കന്നിവെയില്‍ കൊടിയും
നീരൊഴുകും നിളയുടെ മീതെ
നീല ശലഭങ്ങളും
നമ്ര ശിരസ്കരായിന്നു നാണിച്ച്,
നീങ്ങി നില്‍പ്പതെന്തേ?

പച്ചപ്പു മാറാത്ത പാടങ്ങളും
താരിളം തെന്നലും
താനേ കുയില്‍ പാടുമിവിടം
ഇമ്പ രാഗോത്സവം
ജലതരംഗമിന്നു പക്കമേളം
നിത്യാരവമേളം
കാറ്റില്‍ മുളങ്കാടുകള്‍ ഉണരും
മുരളീതന്‍ ഗീതം!

കാവുകളും കാനനവും, അതിലെ
കല്പ്പവൃക്ഷങ്ങളും
കഥയും കളിയുമായുണരും
നാട്ടരങ്ങുകളും
ഉയര്‍ത്തും ഇന്നുമാ യശസ്സ്
കേളിക്കൊട്ടിടുന്നൂ,
ആരോ പണ്ട് പറഞ്ഞപ്പോലെ
കേരളം, എത്ര സുന്ദരം!

15 comments:

മൻസൂർ അബ്ദു ചെറുവാടി said...

കേരളം, എത്ര സുന്ദരം!
നന്നായി .
ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

കേരളം, എത്ര സുന്ദരം.കൊള്ളാം
ആശംസകള്‍

zephyr zia said...

എന്‍റെ കൈരളി...

lachu said...

ലളിതം... മധുരം...സുന്ദരം...

പ്രയാണ്‍ said...

കേരളം, എത്ര സുന്ദരം!പറയാനുണ്ടോ.......

പട്ടേപ്പാടം റാംജി said...

സുന്ദരം തന്നെ.

ജയിംസ് സണ്ണി പാറ്റൂർ said...

കൈരളിയെക്കുറിച്ചൊരു നല്ല കവിത

Umesh Pilicode said...

ആശംസകള്‍

Unknown said...

എന്റെ കേരളം
എത്ര സുന്ദരം!
നന്നായിട്ടുണ്ട്, ആശംസകള്‍!

Salini Vineeth said...

കൊള്ളാം നന്നായിരിക്കുന്നു...
നല്ലൊരു tune കൊടുത്താല്‍ മനോഹരമായ ഒരു ഗാനം ആകാന്‍ സാധ്യത ഉണ്ട് ട്ടോ..

A said...

കേരളം, അതി സുന്ദരം ആണോ?
പോസ്റ്റ്‌ സുന്ദരമായി

sulekha said...

അവസാനതത്തിനു തൊട്ടുമുന്‍പുള്ള വരി ഒഴിച്ച് നിര്‍ത്തിയാല്‍ കൊള്ളാം.ഇപ്പോള്‍ ഇത്തരം കവിതകളൊന്നും കാണാനേ ഇല്ല

jyo.mds said...

താമരപ്പൊയ്കകളും,മുളങ്കാടുകളും,കുയിലും,കല്പവൃക്ഷങ്ങളും.....ഹായ് ഹായ്....ശരിക്കും മനസ്സിനെ കുളിരണിയിച്ചു.

Kalavallabhan said...

മനോഹരമായ വരികൾ

Muralee Mukundan , ബിലാത്തിപട്ടണം said...

അണിഞ്ഞൊരുങ്ങി നിൽക്കുന്ന കൈരളിയുടെ ചന്തം കാണാനുണ്ട്...